പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രി ചാടിപ്പോയ പോക്സോ കേസ് പ്രതിയെ ഇതുവരെ പിടികൂടിയില്ല.
ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന സ്റ്റേഷനില്‍ ലോക്കപ്പില്ല. നിലത്തു കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ള കമ്പിയിലാണ് പ്രതികളെ കൈവിലങ്ങ് ഘടിപ്പിച്ച് സൂക്ഷിക്കാറുള്ളത്. അത് തകർത്താണ് പ്രതി സജിത്ത് ചാടിപ്പോയത്.
പോക്സോ കേസ് പ്രതി നിരണം ഇരതോടു സ്വദേശി സജിത്ത് ആണ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്. പാറാവ് ഡ്യൂട്ടിക്കാരൻ പിന്നാലെ ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കെട്ടിടത്തിലാണ് വർഷങ്ങളായി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടമാണിത്.
ലോക്കപ്പ് സംവിധാനം ഇല്ലാത്തതിനാല്‍ ഉള്‍വശത്തെ മുറിയില്‍ നിലത്ത് കോണ്‍ക്രീറ്റ് ചെയ്തു പിടിപ്പിച്ചിട്ടുള്ള കമ്പിയിലാണ് പ്രതികളെ കൈവിലങ്ങു ഘടിപ്പിച്ച് സൂക്ഷിക്കുന്നത്. ഈ കമ്പി തകർത്താണ് സജിത്ത് ചാടിപ്പോയത്.
സ്റ്റേഷനില്‍ നിന്ന് അല്പം അകലെയുള്ള നദീതീരത്ത് കിടന്ന വള്ളം കാണാനില്ല. ഈ വള്ളത്തില്‍ കയറി രക്ഷപ്പെട്ടിരിക്കാമെന്ന അനുമാനത്തിലാണ് പൊലീസ്. പ്രതിയുടെ ഭാര്യവീട് കണ്ണൂരിലാണ്. ആ റൂട്ടിലും അന്വേഷണം നടക്കുന്നുണ്ട്.
തെരച്ചിലിനായി പ്രത്യേക സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. എന്തായാലും കുറ്റവാളികളെ സുരക്ഷിതമായി പാർപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത പുളികീഴ് പൊലീസ് സ്റ്റേഷന്റെ അവസ്ഥ ഗൗരവമുള്ളതാണ്. പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല.






