തിരുവനന്തപുരം : പിഎസ്സിയിൽ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതി ഉയരുന്നതിന് പിന്നാലെ പരാതിക്കാരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം വിവരം തേടി.
ഹൈക്കോടതിയിലെ കേസ് മറച്ചു വെച്ചാണ് വിജ്ഞാപനം എന്നും ആരോപണമുണ്ട്. നടപടി ഇഷ്ടക്കാരെ തിരികെ കയറ്റാനാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പിഎസ്സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹത ഉണ്ടെന്നും ആക്ഷേപമുണ്ട്.
നിലവിൽ കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷാ ക്രമക്കേടും അന്വേഷിക്കുന്നുണ്ട്. എസ്ഐടിയ്ക്ക് ഇതുവരെ നാല്‍പ്പതോളം പരാതികളാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസവും പിഎസ്സി ആസ്ഥാനത്ത് എസ്ഐടിയുടെ പരിശോധന നടന്നിരുന്നു. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളാണ് പരിശോധിച്ചത്. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.






