തിരുവനന്തപുരം: 'പ്രിയദര്‍ശിനി'സ്ത്രീ സൗജന്യയാത്രയുടെ 100ാം ദിനത്തോടനുബന്ധിച്ചുള്ള സാരി വിതരണം എല്ലാ ഡിപ്പോയിലുമില്ലെന്ന് കെഎസ്ആര്‍ടിസി. പരിപാടിയുടെ ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മാത്രമാണ് വിതരണമുണ്ടാവുകയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.
കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിക്ക് നാളെയാണ് 100 ദിവസം പൂര്‍ത്തിയാകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളിലും വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഓരോ ഡിപ്പോയിലും 15 സാരികള്‍ വീതമാണ് നല്‍കുകയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് തമ്പാനൂരില്‍ മാത്രമാണ് വിതരണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.
രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സി.പി. ജോണ്‍ സാരി വിതരണം ഉദ്ഘാടനം നിര്‍വഹിക്കും. പ്രിയദര്‍ശിനി പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ രീതിയില്‍ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.






