കണ്ണൂർ : കണ്ണൂർ സർവകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന കേസില്‍ സർവകലാശാല മലക്കംമറിഞ്ഞതില്‍ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് രംഗത്തെത്തി.
നിയമനത്തില്‍ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടില്‍ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.
വസ്തുതകളില്‍ യാതൊരു മാറ്റവും വരാതിരിക്കെ അഭിഭാഷകനെ മാറ്റിയതും നിലപാട് മാറ്റിയതും ചില സ്ഥാപിത ലക്ഷ്യങ്ങള്‍ മുൻനിർത്തി മാത്രമാണെന്ന് KUTC വിമർശിച്ചു. പ്രിയ വർഗീസിനെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ അവർ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണെന്ന കാര്യം മാത്രമാണുള്ളതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പ്രിയ വർഗീസിന്റെ നിയമനത്തില്‍ വീഴ്ചയുണ്ടെന്ന പുതിയ സത്യവാങ്മൂലം കണ്ണൂർ സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചത്. സർവകലാശാലയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനാണ് കോടതിയില്‍ ഹാജരായത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ നിലപാട് കേസില്‍ നിര്‍ണായകമാണ്.






