പത്തനംതിട്ട: സ്ത്രീകള്‍ക്ക് സൗജന്യയാത്രയുമായി കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് വിജയകരമായി സർവീസുകള്‍ തുടരുമ്പോള്‍ യാത്രക്കാരില്ലാതെ സ്വകാര്യ ബസുകള്‍ കിതയ്ക്കുന്നു.
ഇത് ഗ്രാമീണ മേഖലകളില്‍ യാത്രാദുരിതത്തിനും കാരണമാകുന്നു. പ്രിയദർശനിയുടെ വരവോടെ ജില്ലയില്‍ 30 സ്വകാര്യ ബസുകളാണ് സർവീസ് അവസാനിപ്പിച്ചത്.
ഗ്രാമീണമേഖലകളിലെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന സ്വകാര്യ ബസുകള്‍ നിലച്ചത് പൊതുഗതാഗത മേഖലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ പ്രിയദർശിനി ഉള്‍പ്പടെ കൂടുതല്‍ ട്രാൻപോർട്ട് ബസ് സർവീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
സൗജന്യയാത്ര ലഭിച്ചതോടെ സ്ത്രീകളില്‍ ഭൂരിഭാഗവും പ്രിയദർശനിയിലേക്ക് മാറിയത് സ്വകാര്യ ബസ് സർവീസുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിച്ചത്. ഇതോടെ സർവീസുകള്‍ അവസാനിപ്പിച്ച ബസുകളിലെ 100ലധികം ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രാക്ലേശം ഉണ്ടായത് ആടൂർ മേഖലയിലാണ്. സ്വകാര്യ ബസുകള്‍ കൂടുതല്‍ സർവീസ് നടത്തിയിരുന്ന മല്ലപ്പള്ളി , റാന്നി, തിരുവല്ല മേഖലകളിലും യാത്രാദുരിതം രൂക്ഷമാണ്.
ഗ്രാമീണ മേഖലയിലെ യാത്രാ ദുരിതം ഇല്ലാതാക്കുന്നതിനും സ്വകാര്യ ബസുകളുടെ നഷ്ടം നികത്തുന്നതിനും സ്വകാര്യ ബസുകള്‍ കെ.എസ്.ആർ.ടി,സി വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി. കണ്ടക്ടറെ കെ.എസ്.ആർ.ടി.സി നിയമിക്കും. ഡ്രൈവറുടെ വേതനവും ബസിന്റെ കേടുപാടുകളും ബസുടമകള്‍ നിർവഹിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഇത് ബസുടമകള്‍ അംഗീകരിച്ചു. വാടക സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായാല്‍ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബസ് സർവീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ






