കോട്ടയം: അമിതവേഗവും മോശം പെരുമാറ്റവും മൂലം ആരോപണനിഴലിലായ സ്വകാര്യബസ് ജീവനക്കാരെ ചട്ടം പടിപ്പിക്കാൻ പൊലീസിറങ്ങും.
ആദ്യഘട്ടത്തില്‍ ഉടമകളും രണ്ടാംഘട്ടം പൊലീസും പരിശീലനം നല്‍കും. തുടർന്ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ജീവനക്കാർക്ക് നിർബന്ധമാക്കും.
അപകടകരമായ ഡ്രൈവിംഗ്, നിയമലംഘനങ്ങള്‍, മോശം പെരുമാറ്റം എന്നിവ വർദ്ധിക്കുന്നത് തടയുകയാണ് ലക്ഷ്യം. കോട്ടയം ചന്തക്കവലയിലുണ്ടായ അപകടത്തോടെയാണ് പൊലീസ് ഉണർന്നത്. ഇതുസംബന്ധിച്ച നിർദേശം ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി.
നിലവിലുള്ള ജീവനക്കാർക്കും പുതുതായി എത്തുന്നവർക്ക് പരിശീലനം നല്കാൻ ഉടമകള്‍ക്ക് നിർദേശം നല്കി. തുടർന്ന് പൊലീസിന്റെയും പരിശീലനമുണ്ടാവും.
പെരുമാറ്റം, ട്രാഫിക് നിയമം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം.
മുഴുവൻ സ്വകാര്യ ബസ് ജീവനക്കാർക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡ് നിർബന്ധമാക്കാനും ആലോചനയുണ്ട്. ഉടമകളുമായി ചർച്ച ചെയ്താകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
സ്വകാര്യബസ് ജീവനക്കാരില്‍ വിവിധ കേസുകളില്‍ പ്രതികളായിട്ടുള്ളവരുമുണ്ട്. പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതോടെ ജീവനക്കാരെ ഒരുപരിധിവരെ നിലയ്ക്കുനിർത്താമെന്നാണ് പ്രതീക്ഷ. കൃത്യമായ ഇടവേളകളില്‍ സർട്ടിഫിക്കറ്റ് പുതുക്കാനും നിർദേശം നല്‍കും. ഡ്രൈവർമാർ മദ്യപിച്ചോയെന്നറിയാൻ ഇടയ്ക്കിടെ പരിശോധനയും നടത്തും.






