തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമുണ്ടായതായി ബസുടമകള്‍.
പ്രതിസന്ധി കടുത്തതോടെ സംസ്ഥാനത്താകെ അഞ്ഞൂറിലധികം ബസുകള്‍ സർവീസ് പൂർണ്ണമായും നിർത്തിവെച്ചു. നിലവില്‍ സർവീസ് നടത്തുന്ന ബസുകളില്‍ പകുതിയിലധികവും തങ്ങളുടെ മുഴുവൻ ട്രിപ്പുകളും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജീവനക്കാർക്ക് കൃത്യമായ കൂലി നല്കാൻ പോലും പണമില്ലാതെ വന്നതോടെ പല ബസുടമകളും കണ്ടക്ടറുടെയും ഡ്രൈവറുടെയും വേഷം സ്വയം അണിയേണ്ടി വരികയാണ്.
മുൻപ് പ്രതിദിനം 16,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന റൂട്ടുകളില്‍ ഇപ്പോള്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് കളക്ഷൻ കിട്ടുന്നത്. പകല്‍ സമയങ്ങളില്‍ ബസുകള്‍ പലതും യാത്രക്കാരില്ലാതെ ശൂന്യമായി ഓടേണ്ടി വരുന്നു. സ്വകാര്യ ബസുകള്‍ മുന്നിലെത്തിയാലും കെഎസ്ആർടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാൻ സ്ത്രീകള്‍ സ്റ്റോപ്പുകളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതാണ് നിലവിലെ കാഴ്ച. സ്വകാര്യ ബസുകളുടെ എണ്ണം കെഎസ്ആർടിസിക്കൊപ്പം നില്ക്കുന്ന കൊല്ലം ജില്ലയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. വയനാട്, കോട്ടയം ജില്ലകളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. പത്ത് വർഷം മുൻപ് സംസ്ഥാനത്ത് 12,000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഓടുന്നത് വെറും 11,936 ബസുകള്‍ മാത്രമാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്കെങ്കിലും വർദ്ധിപ്പിക്കാതെ ഈ മേഖലയ്ക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉടമകള്‍ വ്യക്തമാക്കുന്നു
സ്വകാര്യ ബസ് മേഖല നേരിടുന്ന ഈ കടുത്ത പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി സി.പി. ജോണ്‍ തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസില്‍ ബസുടമകളുമായി ചർച്ച നടത്തിയിരുന്നു. കെഎസ്ആർടിസിക്ക് പുറമെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച് ആ ടിക്കറ്റ് തുക സർക്കാർ ഉടമകള്‍ക്ക് നല്‍കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനൊപ്പം ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കണ്സെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ചർച്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ അന്തിമ തീരുമാനമാകാത്ത പക്ഷം വരും ദിവസങ്ങളില്‍ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.
പ്രിയദർശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസുകള്‍ മറ്റ് വരുമാന മാർഗ്ഗങ്ങള്‍ തേടണമെന്ന് മന്ത്രി മുൻപ് നിർദ്ദേശിച്ചിരുന്നു. അതേസമയം, ചർച്ചയ്ക്ക് പിന്നാലെ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയോട് ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.






