തിരുവനന്തപുരം : യുവാക്കളെ എച്ച്ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം എന്ന വിവാദ പരാമര്‍ശവുമായി മാര്‍ത്തോമ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ്. മാര്‍ത്തോമസഭ കുടുംബസംഗമത്തിലാണ് ഡോ. കെ തോമസിന്റെ പരാമര്‍ശം ഉണ്ടായത്. ടെസ്റ്റുകള്‍ക്ക് വിധേയമായി മാത്രം മാര്‍ത്തോമ സഭയിലെ വിവാഹങ്ങള്‍ നടത്തണം എന്നും അദ്ദേഹം പ്രസംഗത്തിനിടെ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്.
വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നായിരുന്നു പരാമർശം. മക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നായിരുന്നു കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്ഐവി ടെസ്റ്റ് നടത്താനുളള തീരുമാനം പരാമര്‍ശിച്ചുള്ള വൈദികന്റെ പ്രസംഗം.
അതേസമയം ഇത് യുവാക്കളെ അപമാനിക്കുന്ന പ്രസ്താവനയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നു. എന്നാൽ സദുദ്ദേശത്തോടെ നടത്തിയ പ്രതികരണമെന്നായിരുന്നു വൈദിക ട്രസ്റ്റിയുടെ വിശദീകരണം.






