തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് ഗൈഡ് ട്രെയിനിംഗ് ആന്‍ഡ് ലൈസന്‍സ് പ്രോഗ്രാം വിഭാഗത്തിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തിലുടനീളം 168 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തല്പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സ്റ്റേറ്റ് ലെവല്‍ ഗൈഡ് തസ്തികയില്‍ 27 സീറ്റുകള്‍ ഒഴിവുണ്ട്. ലോക്കല്‍ ലെവല്‍ ഗൈഡ് തസ്തികയില്‍ 141 സീറ്റുകള്‍ ആണ് ഒഴിവ്. തിരുവനന്തപുരം - 15, കൊല്ലം - 10, പത്തനംതിട്ട - 10, ആലപ്പുഴ - 10, കോട്ടയം - 10, ഇടുക്കി - 10, എറണാകുളം - 10, തൃശൂര്‍ - 10, പാലക്കാട് - 10, മലപ്പുറം - 06, കോഴിക്കോട് - 10, വയനാട് - 10, കണ്ണൂര്‍ - 10, കാസര്‍ഗോഡ് - 10 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്ക്.
ഇതൊരു പരിശീലന, ലൈസന്‍സിംഗ് പരിപാടിയായതിനാല്‍ തന്നെ ശമ്പളം നിശ്ചയിച്ചിട്ടില്ല. എന്നാല്‍, പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേറ്റ് ലെവല്‍ ഗൈഡ് / ലോക്കല്‍ ലെവല്‍ ഗൈഡ് ലൈസന്‍സ് ലഭിക്കുന്നതാണ്. 01.01.2026 തീയതി പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വയസ്സ് പൂര്‍ത്തിയായിരിക്കണം.
സ്റ്റേറ്റ് ലെവല്‍ ഗൈഡ്
യുജിസി അംഗീകൃത സര്‍വലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഉള്ള ഏതെങ്കിലും ബിരുദം. അല്ലെങ്കില്‍, 10+2 (അല്ലെങ്കില്‍ തത്തുല്യ യോഗ്യത) യോഗ്യതയും, ഒപ്പം അംഗീകൃത സര്‍വലാശാല, സ്ഥാപനം, പ്രശസ്തമായ സംഘടന, എംബസി അല്ലെങ്കില്‍ അവയുടെ സാംസ്കാരിക കേന്ദ്രം എന്നിവയില്‍ നിന്ന് വിദേശ ഭാഷയിലുള്ള കുറഞ്ഞത് ആറ് മാസത്തെ റെഗുലര്‍ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം.
ലോക്കല്‍ ലെവല്‍ ഗൈഡ്
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
മറ്റ് യോഗ്യതകള്‍
കേരളത്തില്‍ സ്ഥിരതാമസക്കാരനായിരിക്കണം. സ്റ്റേറ്റ് ലെവല്‍ ഗൈഡുകള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. പരിശീലന പരിപാടിയില്‍ ചേരുന്നതിന് സാധുതയുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ലോക്കല്‍ ലെവല്‍ ഗൈഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍, തങ്ങള്‍ താമസിക്കുന്ന ജില്ലയുടെ ക്വാട്ടയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
കോഴ്സ് വിവരങ്ങളും ഫീസ് ഘടനയും
സ്റ്റേറ്റ് ലെവല്‍ ഗൈഡ് കോഴ്സ് ദൈര്‍ഘ്യം 9 ആഴ്ചയാണ്. കോഴ്സ് ഫീസ് 32,745 രൂപയാണ്. ലോക്കല്‍ ലെവല്‍ ഗൈഡ് ദൈര്‍ഘ്യം നാലാഴ്ചചയാണ് കോഴ്സ് ഫീസ് 20355 രൂപ. അപേക്ഷ ഫീസ് 590/ + ബാധകമായ ട്രാന്സാക്ഷന് ചാര്‍ജുകള്‍. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷയ്ക്ക് 200 മാര്‍ക്ക് നേടിയിരിക്കണം. പ്രദേശത്തെ സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ് (50 മാര്‍ക്ക്), ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ (50 മാര്‍ക്ക്), പൊതുവിജ്ഞാനം (100 മാര്‍ക്ക്) എന്നിങ്ങനെയാണ് മാര്‍ക്ക് വിഭജിച്ചിരിക്കുന്നത്. അഭിമുഖത്തില്‍ 50 മാര്‍ക്കും നേടിയിരിക്കും. ആകെ സ്റ്റേറ്റ് ലെവല്‍ ഗൈഡ് കോഴ്സിന് 250 മാര്‍ക്കാണ്
ലോക്കല്‍ ലെവല്‍ ഗൈഡുകള്‍ക്ക് ആകെ 150 മാര്‍ക്കാണ്. ഇതില്‍ എഴുത്തുപരീക്ഷ (100 മാര്‍ക്ക്), പ്രദേശത്തെ സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ് (25 മാര്‍ക്ക്), ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ (25 മാര്‍ക്ക്), പൊതുവിജ്ഞാനം (50 മാര്‍ക്ക്), അഭിമുഖം (50 മാര്‍ക്ക്) എന്നിങ്ങനെയായി വിഭജിച്ചിരിക്കുന്നു. എഴുത്തുപരീക്ഷയില്‍ 50%-മോ അതില്‍ കൂടുതലോ മാര്‍ക്ക് നേടുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തിരഞ്ഞെടുപ്പ്.






