ബംഗാള്‍: ഭൂട്ടാനിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗാസ ജില്ലയിലെ ഷിൻ്റഫു ഹിമ തടാകം പൊട്ടി ശക്തമായ മിന്നല്‍ പ്രളയം.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി തടാകം പൊട്ടിയൊഴുകിയത്. ഇതിന് പിന്നാലെ ഇന്ത്യയിലെ അതിർത്തി സംസ്ഥാനങ്ങളായ അസമിലും പശ്ചിമ ബംഗാളിലും അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം നല്കി. ഭൂട്ടാനിലെ പ്രളയജലം അതിത്തികടന്നെത്താൻ സാധ്യതയുള്ളതിനാല്‍ പശ്ചിമ ബംഗാള്‍, അസം സർക്കാരുകള്‍ക്ക് ഭൂട്ടാൻ ഭരണകൂടം അടിയന്തര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അസമിലെ ധുബ്രി, പശ്ചിമ ബംഗാളില്‍ ഡാർജലിംഗിലെ മലയോര പ്രദേശങ്ങള്‍, അലിപുർദുവാർ, ജല്‍പായ്ഗുരി എന്നീ അതിർത്തി ജില്ലകളിലാണ് മിന്നല്‍ പ്രളയത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. പശ്ചിമബംഗാളിലെ കൂച്ച് ബെഹാറില്‍ സങ്കോഷ് നദീതീരത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഭൂട്ടാനില്‍ നിന്നുമുള്ള മോ ചു, ഫോ ചു, എന്നീ നദികള്‍ സംഗമിച്ചുണ്ടാകുന്ന സങ്കോഷ് നദി പിന്നീട് അതിർത്തി കടന്ന് അസമിലെ ബ്രഹ്മപുത്രയിലാണ് ചെന്നുചേരുന്നത്. മോ ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ് 'ഗാസ സാച്ചു' ഹോട്ട് സ്പ്രിംഗും, അവിടുത്തെ സംവിധാനങ്ങളും പ്രളയത്തില്‍ പുർണമായും ഒലിച്ചുപോയി. അപകട സാധ്യത മുൻകൂട്ടി കണ്ട് പ്രദേശത്ത് നിന്ന് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിലവില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.






