കണ്ണൂർ : കഴിഞ്ഞ ദിവസം സമാപിച്ച വിപുലീകൃത കണ്ണൂർ ജില്ലാ കമ്മറ്റിക്ക് ശേഷം തെറ്റുതിരുത്തലുമായി മുൻപോട്ടു പോകുന്ന സിപിഎം നേതൃത്വത്തിനെതിരെ വെടി പൊട്ടിച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ.
പാർട്ടിയോടൊപ്പം സഞ്ചരിച്ച താൻ നിലപാടുകള്‍ മാറ്റേണ്ടിവരുമെന്ന കൃത്യമായ സൂചനയാണ് ദിവ്യ നല്‍കുന്നത്. ഇതോടെ കണ്ണൂരിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഇപ്പോഴും സി.പി എം ഇരിണാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ് ദിവ്യ. എന്നാല്‍ ദിവ്യ പാർട്ടിയോട് ഗുഡ് ബൈ പറയുമോയെന്നതാണ് എങ്ങും ഉയരുന്ന ചോദ്യം.
മുൻകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും മുൻജില്ലാ കമ്മിറ്റിയംഗവുമായ പി.പി ദിവ്യയ്ക്കായി വലവിരിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയുമാണ് ദിവ്യയെ തങ്ങളുടെ ചേരിയില്‍ നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നത്. സിപിഎം നേതൃത്വവുമായി അകല്‍ച്ചയിലാണെന്ന സൂചന നല്കി പി.പി. ദിവ്യ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിനു പിന്നാലെയാണ് അണിയറ നീക്കങ്ങളും ശക്തമായത്. ഇതോടെ തുറന്നപ്രതികരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. പി.പി ദിവ്യയ്ക്കായിവാതിലുകള്തുറന്നിട്ടിരിക്കുകയാണെന്നും ദിവ്യ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഒരിക്കല്‍ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയാകണമെന്നില്ല. ഒരു കരയില്‍നിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും ഉള്ള ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള തുടർകുറിപ്പുകളുടെ മുന്നോടിയായാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
കണ്ണൂർ എഡിഎമ്മായിരുന്നകെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടർന്ന് ദിവ്യയെ പാർട്ടിയില്‍ തരംതാഴ്ത്തിയിരുന്നു. ഇതോടെ ദിവ്യ പാർട്ടിയുമായി അകന്നുവെന്നു സി.പി എം നേതൃത്വം നല്കുന്ന സൂചന എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ സമാപിച്ച വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ദിവ്യയെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ചർച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ചിലർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപ്പിലായില്ല.
ഇതില്‍ പി പി ദിവ്യയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ ദിവ്യയുടെ കേസും നിയമനടപടികളും നടന്നുകൊണ്ടിരിക്കുന്നതിനാലാണ് പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചു കൊണ്ടുവരാത്തതെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷിൻ്റെ പ്രതികരണം ദിവ്യ പാർട്ടിക്ക് പുറത്തല്ല അകത്തു തന്നെയാണെന്നും അവർ പാർട്ടി പരിപാടികളില്‍ പൂർണമായി സഹകരിക്കുന്നു മുണ്ടെന്നാണ് ഇതു സംബന്ധിച്ച് കെ കെ രാഗേഷ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞത്.






