തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിൽ രേഖപ്പെടുത്തിയ പീക് ഡിമാൻഡിന് തുല്യമാണ്.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു.
സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.






