പാലക്കാട് : ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ മത്സരം നടക്കുമ്പോഴായിരുന്നു പവര്‍കട്ട്. മുന്നറിയിപ്പില്ലാതെയുള്ള പവര്‍കട്ട് കാരണം മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മത്സരം നടത്തിയത്. പിന്നീട് ജനറേറ്റര്‍ ഉപയോഗിച്ച് മത്സരം പുനരാംഭിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഘട്ടത്തിലാണ് രാത്രി 7.30ന് കറണ്ട് പോയത്. അതേസമയം, സംസ്ഥാനത്ത് പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തിത്തുടങ്ങി. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി. ഇതിലൂടെ വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസേജിലൂടെ അറിയാനാകും.
കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്റ്റേഡ് ഫോണ്‍ നമ്പറിലേക്കായിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. പലയിടത്തും അസാധാരണമായുണ്ടാകുന്ന പവര്‍കട്ടില്‍ വിമര്‍ശനം വ്യാപകമാണ്. മുന്നറിയിപ്പില്ലാതെ രാത്രി പല തവണയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണമാണ് ജനങ്ങളെ വലച്ചത്.






