തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. 1881-ലെ നെഗോഷ്യബിള് ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് സർക്കാർ അവധി പ്രഖ്യാപിക്കുന്നത്.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങള് അറിയിച്ചു.
ഒക്ടോബർ 19-ന് അവധി വരുന്നതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും, 19 തിങ്കളാഴ്ച നവരാത്രി പൊതുഅവധിയും, 20 ചൊവ്വാഴ്ച മഹാനവമിയും, 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള് എന്നിവയ്ക്കുള്ള അവധിയുടെ വ്യാപ്തി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകള് അനുസരിച്ചായിരിക്കും തീരുമാനിക്കുക
എന്താണ് നെഗോഷ്യബിള് ഇൻസ്ട്രുമെന്റ്സ് ആക്ട്?
ചെക്കുകള്, പ്രോമിസറി നോട്ടുകള്, ബില് ഓഫ് എക്സ്ചേഞ്ച് തുടങ്ങിയ സാമ്പത്തിക രേഖകളുടെ ഇടപാടുകള് നിയന്ത്രിക്കുന്ന നിയമമാണ് 1881-ലെ നെഗോഷ്യബിള് ഇൻസ്ട്രുമെന്റ്സ് ആക്ട്. ബാങ്കിങ് ഇടപാടുകളിലും പൊതു അവധി പ്രഖ്യാപനങ്ങളിലും ഈ നിയമത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ നിയമത്തിലെ 25-ാം വകുപ്പ് പ്രകാരം ഞായറാഴ്ചകള്ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകള് വിജ്ഞാപനം ചെയ്യുന്ന ദിവസങ്ങള്ക്കും പൊതു അവധിയായി അംഗീകാരം നല്കാൻ സാധിക്കും. നെഗോഷ്യബിള് ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കുമ്പോള് ബാങ്കുകളുടെ പ്രവർത്തനം, ചെക്ക് ക്ലിയറിങ് തുടങ്ങിയ ബാങ്കിങ് ഇടപാടുകള് അന്നേദിവസം ഉണ്ടായിരിക്കില്ല.






