തിരുവനന്തപുരം: പൊന്മുടി – പൊന്മുടി അണക്കെട്ടില്‍ രണ്ട് വിദ്യാർത്ഥികളെ കാണാതായെന്ന് വിവരം. പണിക്കൻകുടി ചിറയില്‍ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കള്‍ക്കാട് പറയക്കൻ ബ്രിജേഷിന്റെ മകൻ അരുണ്‍ ടി.പി (14) എന്നിവരെയാണ് കാണാതായത്.
ഇരുവരും പണിക്കൻകുടി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. ഇന്ന് രാവിലെ മരക്കാനത്തുള്ള മണലേല്‍ വീട്ടില്‍ നടന്ന കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തുടർന്ന് ഉച്ചയോടെ പൊന്മുടി ഡാമില്‍ കുളിക്കുന്നതിനായി ഇറങ്ങിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു.
വൈകുന്നേരത്തോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തില്‍ പങ്കുചേരുന്നുണ്ട്.






