അയ്മനം: കല്ലുമട എം.എൽ.എ റോഡ് വഴി വാരിശ്ശേരിയിലേക്ക് പോകുന്ന പാതയിൽ ഇരുവശങ്ങളിലും കൊന്നപ്പത്തൽ തിങ്ങിനിറഞ്ഞ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത് വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടും അപകടസാധ്യതയും സൃഷ്ടിക്കുന്നു.
റോഡിലേക്ക് വളർന്നുനിൽക്കുന്ന ചില്ലകൾ എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതായും രണ്ട് വാഹനങ്ങൾ ഒരേസമയം എതിർദിശകളിൽ നിന്ന് എത്തിയാൽ പരസ്പരം കടന്നുപോകാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും പ്രദേശവാസികളും യാത്രക്കാരും പരാതിപ്പെടുന്നു.
ബസ് റൂട്ട് അല്ലെങ്കിലും കല്ലുമട, പരിപ്പ്, അയ്മനം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ താഴത്തങ്ങാടി, കുമ്മനം, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്നതിനായി പ്രധാനമായും ആശ്രയിക്കുന്ന വഴികളിലൊന്നാണിത്.
രാവിലെയും വൈകുന്നേരവും നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും, മുചക്ര വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
റോഡിലേക്ക് തിങ്ങിനിൽക്കുന്ന ചില്ലകൾ കാഴ്ച മറയ്ക്കുന്നതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
ഒരു അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം അപകടസാധ്യത മുൻകൂട്ടി ഒഴിവാക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൊന്നപ്പത്തലുകളും ചില്ലകളും അടിയന്തരമായി വെട്ടിമാറ്റി വാഹനങ്ങൾക്ക് സുഗമമായും സുരക്ഷിതമായും സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളും വാഹനയാത്രക്കാരും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.






