ഡൽഹി: ഇനിമുതല് വാഹനങ്ങളുടെ മലിനീകരണ പരിശോധനയില് (പൊല്യൂഷൻ ടെസ്റ്റ്) വിലയിരുത്തുക പുക മാത്രമല്ല. വാഹനത്തിന്റെ ബ്രേക്കുകള്, ടയർ എന്നിവയടക്കം ഉണ്ടാക്കുന്ന മലിനീകരണവും വിലയിരുത്തപ്പെടും.
പേരിനുവേണ്ടിയുള്ള വിലയിരുത്തല് മാത്രമാകില്ല; എല്ലാം കർശനമായി പരിശോധിച്ചായിരിക്കും പൊല്യൂഷൻ സർട്ടിഫിക്കറ്റ് തരിക. ബിഎസ്-VII മലിനീകരണ നിയന്ത്രണങ്ങള് രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന അടിമുടി മാറുന്നത്. രാജ്യത്തെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളില് ഏറ്റവും വലിയ വിപുലീകരണത്തിനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
2029 ഏപ്രില് മുതല് ബിഎസ്-VII മാനദണ്ഡങ്ങള് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചുകൊണ്ട് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള് വ്യക്തമാക്കുന്നത്. പുക പുറന്തള്ളാത്ത ഇലക്ട്രിക് വാഹനങ്ങളുടെ ബ്രേക്കിംഗിലൂടെ ഉണ്ടാക്കുന്ന മലിനീകരണം, ടയർ തേയ്മാനം, ബാറ്ററിയുടെ ഈടുനില്പ്പ് എന്നിവയും പുതിയ പരിശോധനയില് വിലയിരുത്തപ്പെടും. യൂറോപ്പിലെ യൂറോ 7 ചട്ടക്കൂടുമായി വലിയ സാമ്യമുള്ളവയാണ് ബിഎസ്-VII മാനദണ്ഡങ്ങള്.
ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ്ഇൻ ഹൈബ്രിഡുകളുടെയും ബാറ്ററിയുടെ ഈടുനില്പ്പ് പുതിയ മാനദണ്ഡങ്ങള് പ്രകാരം വിലയിരുത്തപ്പെടും. അഞ്ചുവർഷം അല്ലെങ്കില് ഒരുലക്ഷം കിലോമീറ്റർ വരെ ബാറ്ററികള് അവയുടെ യഥാർത്ഥ ശേഷിയുടെ കുറഞ്ഞത് 75 ശതമാനവും, 8 വർഷം അല്ലെങ്കില് 1.6 ലക്ഷം കിലോമീറ്റർ വരെ 67 ശതമാനവും നിലനിർത്തണമെന്നാണ് പുതിയ വ്യവസ്ഥകള് നിഷ്കർഷിക്കുന്നത്.
ടയർ തേയ്മാനത്തിലൂടെ ഉണ്ടാകുന്ന മലിനീകരണവും കർശനമായി വിലയിരുത്തുന്നതിനൊപ്പം അത് നിയന്ത്രിക്കാനുള്ള വ്യവസ്ഥകളും പുതിയ മാനദണ്ഡങ്ങളില് ഉള്പ്പെടുന്നുണ്ട്. കാനഡ, യു.എസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങള് ഇതിനകം തന്നെ ടയർ ലെവി സിസ്റ്റം നടപ്പിലാക്കുന്നുണ്ട്. പുതിയ ടയർ വില്പ്പനയില് ഈടാക്കുന്ന ഈ തുക ഉപയോഗിച്ച ടയറുകളുടെ പുനരുപയോഗത്തിനും പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത സംസ്കരണത്തിനും ധനസഹായം നല്കാൻ ഉപയോഗിക്കും
പുതിയ മാനദണ്ഡങ്ങള് വരുന്നതോടെ പരിശോധന ശക്തമാകും. മാത്രമല്ല വാഹനം ഉപയോഗിക്കുന്ന കാലത്തുടനീളം മലിനീകരണ നിയന്ത്രണ സംവിധാനങ്ങള് മികച്ച രീതിയില് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുളള സംവിധാനങ്ങളും നിലവില് വരും. നൂറുശതമാനം കൃത്രിമം തടയുന്നതാകും ഇത്തരം പരിശോധനകള്.






