തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങാനായി സഹപ്രവർത്തകരില്‍ നിന്ന് ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി.
ശംഭുവിനെ പോലീസ് പരിശീലനത്തില്‍ നിന്ന് ഒഴിവാക്കുകയും സർവീസില്‍ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. കെ.എ.പി 3 ബറ്റാലിയൻ കമാൻഡന്റാണ് ഉത്തരവിറക്കിയത്.
ട്രെയിനിങ് കാലയളവിലാണ് ശംഭു ഈ വൻ തട്ടിപ്പ് നടത്തിയത്. യൂണിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ യൂണിഫോം വാങ്ങാനായി ആകെ ഏഴ് ലക്ഷം രൂപ കൈമാറിയത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും യൂണിഫോം ലഭിക്കാതെ വന്നതോടെ സഹപ്രവർത്തകർ അന്വേഷണം നടത്തി. ഈപ്പോഴാണ് ഓണ്‍ലൈൻ ഗെയിം കളിച്ച് പണം മുഴുവൻ നഷ്ടപ്പെടുത്തിയ വിവരം ശംഭു സമ്മതിച്ചത്.
വഞ്ചിക്കപ്പെട്ട പോലീസുകാർ നല്കിയ പരാതിയില്‍ പേരൂർക്കട പോലീസ് കേസെടുത്ത് ശംഭുവിനെ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിങ് കാലയളവിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ സാധാരണ നല്കുന്ന സസ്പെൻഷൻ നടപടിക്ക് പകരമായി പരിശീലനത്തില്‍ നിന്ന് ഒഴിവാക്കി സർവീസില്‍ നിന്ന് നേരിട്ട് നീക്കുകയാണ് ചെയ്തത്.
ഇതോടെ ശംഭുവിന് പോലീസ് യൂണിഫോം ധരിക്കാനോ പരിശീലനത്തില്‍ പങ്കെടുക്കാനോ കഴിയില്ല. ഉന്നത അധികാരികളെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചാല്‍ മാത്രമേ ഇനി സർവീസിലേക്ക് തിരിച്ചെത്താൻ സാധിക്കൂ. സ്വന്തം സഹപ്രവർത്തകരെ തന്നെ പോലീസ് ട്രെയിനി തട്ടിപ്പിനിരയാക്കി എന്നതിനാല്‍ സംഭവത്തില്‍ കടുത്ത വകുപ്പുതല നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.






