തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പട്ടി കയറി പോലീസുകാരനെ ആക്രമിച്ച സംഭവം സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തുകടന്ന പട്ടി വടക്കേ നടയിലൂടെയാണ് പുറത്തിറങ്ങിയത്. അതിനിടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും പുറത്തുണ്ടായിരുന്ന നാട്ടുകാരനെയും പട്ടി ആക്രമിക്കുകയായിരുന്നു.
രാത്രി ക്ഷേത്രനട അടയ്ക്കുന്ന സമയത്താണ് പടിഞ്ഞാറേ നടയിലൂടെ പട്ടി അനായാസം അകത്തുകയറിയതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിച്ച പട്ടി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ പോലീസുകാരനെ മാന്തുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ തടയാന്‍ ശ്രമിച്ചെങ്കിലും പട്ടിയെ ഉടനടി കീഴ്പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല.
അതിസുരക്ഷാ മേഖലയായ ക്ഷേത്രത്തിനുള്ളില്‍ കടന്ന പട്ടി പിന്നീട് വടക്കേ നട വഴിയാണ് പുറത്തേക്ക് ഓടിയത്. പുറത്തിറങ്ങിയ പട്ടി വടക്കേ നടയില്‍ നിന്നിരുന്ന ഒരാളെ കടിക്കുകയായിരുന്നു. ആക്രമണം തുടര്‍ന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. പട്ടിക്ക് പേവിഷബാധയുണ്ടെന്ന സംശയവും ഇതോടെ ശക്തമായി ഉയര്‍ന്നു.
തുടര്‍ന്ന് അക്രമാസക്തനായ പട്ടിയെ കിഴക്കേ നടയില്‍ വെച്ച് നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. പട്ടിക്ക് പേ വിഷബാധയുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല. നാലു നടകളിലും അത്യാധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളും വന്‍ പോലീസ് സന്നാഹവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
എപ്പോഴും ആളനക്കമുള്ളതും കടുത്ത പരിശോധനകള്‍ നടക്കുന്നതുമായ പടിഞ്ഞാറേ നടയിലൂടെ പട്ടി അനായാസം അകത്തു കടന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി കോടികള്‍ ചെലവഴിക്കുമ്പോഴാണ് ഇത്തരമൊരു ലജ്ജാകരമായ വീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ പട്ടിയെ തടയാന്‍ എങ്ങനെ കഴിയുമെന്ന ചോദ്യം പോലീസുകാരും ഉയര്‍ത്തുന്നു.
സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും ഉദ്യോഗസ്ഥരുടെ ജാഗ്രതയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പട്ടിയെ പേയുള്ളതു കൊണ്ടാണ് കൊന്നതെന്നാണ് നാട്ടുകാരും പറയുന്നത്.






