കുമരകം: അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നാട്ടകം സുരേഷ് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയ്ക്കൊപ്പം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.
കുമരകം ചീപ്പുങ്കലിൽ നിന്ന് ശിക്കാര വള്ളത്തിൽ ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾക്കുമൊപ്പം യാത്ര തിരിച്ച സംഘം ആദ്യം പുഴകളിൽ നിന്നുള്ള ഒഴുക്ക് തടസപ്പെടുന്ന തരത്തിൽ എക്കലടിഞ്ഞ വേമ്പനാട്ടുകായലിലെ മേഖലകൾ സന്ദർശിച്ചു.
കുമരകം, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ ജലനിരപ്പിന് മുകളിലേക്ക് അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എക്കൽ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.
മേഖലയിലെ കൃഷിനാശം സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് വിശദീകരിച്ചു. അയ്മനം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലായി നാലുതോട്, പുത്തൻകരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോൻകരി, വികെവി തുടങ്ങിയ പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്.
അയ്മനത്ത് വിത കഴിഞ്ഞ് ഒരു മാസം പിന്നിട്ട 622 ഹെക്ടർ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. പുത്തൻകരിയിൽ മടവീണ് മോട്ടോറും മോട്ടോർപുരയും ഉൾപ്പെടെ ഒഴുകിപ്പോയി. മേനോൻകരി പാടം വിതയ്ക്കാനായി ഒരുക്കിയിരുന്നതിനിടെ വെള്ളം കയറിയതോടെ കിളിർപ്പിച്ച വിത്തും ഉപയോഗശൂന്യമായി.
കൃഷിനാശത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വികെവി പാടശേഖര സമിതി പ്രസിഡന്റ് അനിൽകുമാറിന്റെയും സെക്രട്ടറി എ.എം. ബിനുവിന്റെയും നേതൃത്വത്തിൽ കർഷകർ കരീമഠം ഗവൺമെന്റ് വെൽഫെയർ യുപി സ്കൂളിന് സമീപം എംഎൽഎയ്ക്ക് നിവേദനം നൽകി.
ആർപ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളക്കരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശേരി തൊള്ളായിരം, ചാലാകരി തുടങ്ങിയ പാടശേഖരങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി. ചൂരത്തറയിൽ വിതച്ച് 30 ദിവസമായതും കേളക്കരിയിൽ രണ്ടാഴ്ച മാത്രം പിന്നിട്ടതുമായ കൃഷിയാണ് നശിച്ചത്.
കാട്ടുകരി ചുഴലിക്കുഴിയിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത വാർഡ് അംഗം പി.സി. മനോജ് ചൂണ്ടിക്കാട്ടി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം സിനു ജയിംസ്, അയ്മനം പഞ്ചായത്തംഗങ്ങളായ ബിനുമോൾ, സോഫിയ മോൾ, ഷിബി വാഴയിൽ, ആർപ്പൂക്കര പഞ്ചായത്തംഗങ്ങളായ സന്ധ്യ ശ്രീകാന്ത്, മായ ജി. നായർ, റോസിലി ടോമിച്ചൻ, ദീപാ ജോസ്, സോബിൻ തെക്കേടം, ജയ്മോൻ രാജൻ, ബിജി അജിത്കുമാർ, സിനു രാധാകൃഷ്ണൻ, അജിത ബിജു, ആന്റണി അറയിൽ എന്നിവരും കൃഷി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത്, ബ്ലോക്ക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.






