പാലാ: രണ്ടേക്കറോളം സ്ഥലമുള്ള പാലാ പൊലീസ് സ്റ്റേഷന്റെ കെട്ടിടങ്ങള്‍ അതീവ ശോചനീയാവസ്ഥയില്‍. ഉദ്യോഗസ്ഥർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥ.
പുതുതായി ചുമതലയേറ്റ സി.ഐയ്ക്ക് ഇതേവരെ ഓഫീസ് ഒരുക്കാൻ പോലും കഴിഞ്ഞിട്ടില്ല. സി.ഐ. ഇപ്പോഴും ഡി.വൈ.എസ്.പി ഓഫീസിലാണ് തങ്ങുന്നത്.
നിയമപാലകരായ പൊലീസുകാർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ് പാലാ സ്റ്റേഷൻ. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളില്‍ രണ്ടെണ്ണം എപ്പോള്‍ വേണമെങ്കിലും തകർന്നുവീഴാമെന്ന അവസ്ഥയിലാണെന്ന് പൊലീസുകാർ പറയുന്നു.
സ്റ്റേഷൻ വളപ്പിലെ ചില ഭാഗങ്ങള്‍ പലരും കൈയ്യേറിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
നിലവിലുള്ള കെട്ടിടങ്ങളില്‍ ഡിവൈ.എസ്.പി. ഓഫീസുള്ള കെട്ടിടം മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട നിലയിലുള്ളത്. പൊലീസ് സ്റ്റേഷനും മറ്റ് അനുബന്ധ കെട്ടിടങ്ങളും കാലപ്പഴക്കത്തിന്റെ അവശതകളിലാണ്. ദിവസവും നൂറുകണക്കിന് ആളുകള്‍ എത്തുന്ന സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇരിക്കാനോ വിശ്രമിക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ പരിമിതമാണ്.
നിലവില്‍ ട്രാഫിക് പൊലീസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്ന ഓഫീസ് സി.ഐ ഓഫീസിനായി തയ്യാറാക്കുകയാണിപ്പോള്. ട്രാഫിക് പൊലീസിനെ ഇതേ കെട്ടിടത്തിന്റെ പിറകിലുള്ള ക്വാർട്ടേഴ്സിലേക്ക് മാറ്റാനുള്ള ആലോചനയിലാണ്. എന്നാല്‍ ആ കെട്ടിടം പ്രവർത്തനയോഗ്യമാക്കാൻ അറ്റകുറ്റപ്പണികളും ഫർണിഷിംഗ് ജോലികളും ഉള്‍പ്പെടെ നിരവധി ക്രമീകരണങ്ങള്‍ ആവശ്യമാണ്. ഇതിനുള്ള തുക എവിടുന്ന് ലഭിക്കുമെന്ന് ആർക്കുമറിയില്ല.






