ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവും. ആവേശത്തുഴയെറിയാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്.കോട്ടയത്തു നിന്ന് അഞ്ചു ചുണ്ടനുകള്‍ ഇറങ്ങും.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന്റെ കൈയ്യൊപ്പിട്ട ചുണ്ടന്റെ മാതൃകയിലുള്ള വെള്ളിക്കപ്പ് സ്വന്തമാക്കാൻ 22 ചുണ്ടൻ വള്ളങ്ങള്‍ പോരാട്ടത്തിനിറങ്ങുന്നു. ഇതില്‍ 5 ചുണ്ടൻ വള്ളങ്ങള്‍ കോട്ടയം ജില്ലയില്‍ നിന്നാണെന്ന പ്രത്യേകത ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്കുണ്ട്. കുമരകത്തു നിന്ന് മൂന്നും നാട്ടകത്തു നിന്ന് രണ്ടു ചുണ്ടനുമാണ് കോട്ടയത്തിന്റെ പ്രതിനിധികള്‍.
കുമരകം എയ്ഞ്ചല്‍ ബോട്ട് ക്ലബ് തുഴയുന്ന ആർപ്പുക്കര പുത്തൻ ചുണ്ടൻ, കുമരകം ടൗണ്‍ബോട്ട് ക്ലബിന്റെ നിരണം പുണ്യാളൻ ചുണ്ടൻ എന്നിവ പുന്നമടയില്‍ നടത്തിയ പരിശീലന തുഴച്ചിലിലെ കുതിപ്പും കുറഞ്ഞ സമയവും എതിരാളികള്‍ക്ക് പേടി സ്വപ്നമായിരിക്കുകയാണ്. കുമരകം ടൗണ്ബോട്ട്ക്ലബ് ഫാൻസ് ക്ലബിന്റെ ശ്രീവിനായകൻ, നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന,നാട്ടകം ഫാൻസ് ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി എന്നീ ചുണ്ടനുകളും പുന്നമടയില്‍ കോട്ടയം ജില്ലയുടെ പെരുമായുമായി പോരാട്ടത്തിനിറങ്ങും.
2005 മുതല്‍2007 വരെ നെഹൃട്രോഫി നിലനിറുത്തിയ ടീമാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ്. ചാമ്പ്യൻസ് ബോട്ട് ലീഗിലും തുടർച്ചയായി ഇടം നേടാനും കഴിഞ്ഞിട്ടുണ്ട്. ചമ്പക്കുളം മൂലം വള്ളംകളിയില്‍ കുമരകത്തിന്റെ സ്വന്തം നടുവിലേപ്പറമ്പൻ ചുണ്ടൻ തുഴഞ്ഞു മൂന്നാമതെത്തിയ ഇമ്മാനുവല്‍ ബോട്ട് ക്ലബ് ആദ്യ മത്സരത്തില്‍ തന്നെ ചാമ്പ്യൻസ് ട്രോഫി ലീഗിന് അർഹത നേടിയ ടീമാണ്. 5 തവണ നെഹ്റു ട്രോഫി നേടിയചരിത്രമാണ് ജവഹാർ തായങ്കരിയുടേത്. 2004ല്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിലൂടെ നെഹറുട്രോഫി നേടിയ ചെറുതനയും കരുവാറ്റ ശ്രീവിനായകനും പുന്നമടയില്‍ പോരാട്ട വീര്യം നിലനിറുത്തിയ ചുണ്ടനുകളാണ് .
ജമ്മൂകാശ്മീർ ,മണിപ്പൂർ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശീയ തുഴച്ചില്‍ താരങ്ങള്‍ നാട്ടുകാരായ തുഴച്ചില്‍ക്കാർക്കൊപ്പം എല്ലാ ടീമിലുമുണ്ട്. ഓരോ തുഴച്ചിലിലും സമയം മെച്ചപ്പെടുത്തിയുള്ള തീവ്ര പരിശീലനം കഴിഞ്ഞു വള്ളങ്ങളെല്ലാം കരക്കു കയറ്റി. ബോട്ടില്‍ വലിച്ചു പുന്നമടയില്‍ എത്തിക്കും. മത്സരത്തിനു മുമ്പ് പുന്നമടയിലെ ട്രാക്കില്‍ ഇന്ന് ഒരിക്കല്‍ കൂടി പരിശീലനതുഴച്ചില്‍ നടത്തും.
നെഹറു ട്രോഫി ജേതാവിന് ഈ വർഷം മുതല്‍ 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷവും ലഭിക്കും. 22 ചുണ്ടനുകളില്‍ വേഗതയുടെ മികവില്‍ ഒമ്പതു സ്ഥാനത്തെത്തുന്ന ചുണ്ടൻ വള്ളങ്ങളാകും ലക്ഷങ്ങള്‍ സമ്മാനതുകയുള്ള ചാമ്പ്യൻസ് ബോട്ട് ലീഗില്‍ മത്സരിക്കുക.
വള്ളംകളിയുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ പോസ്റ്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രം ഇല്ലാതിരുന്നത് വിവാദമായിരുന്നു. എന്നാല്‍ പുതിയ പോസ്റ്റർ ഇറക്കികൊണ്ടാണ് ഈ പ്രശ്നം പരിഹരിച്ചത്.






