കൂത്താട്ടുകുളം: പൊലീസ് സേനാംഗമായ മകനെടുത്ത ബാങ്ക് വായ്പയുടെ കുടിശികയെ തുടർന്ന് വീട് ജപ്തിയായതോടെ വയോധിക ദമ്പതികള്‍ ദുരിത ജീവിതത്തിലേക്ക് തള്ളപ്പെട്ടു.
ഇലഞ്ഞി അന്ത്യാല്‍ പാറേക്കാട്ടില്‍ ചാത്തൻ ഗോപാലൻ (73), ഭാര്യ കുഞ്ഞമ്മ ഗോപാലൻ (71) എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ വാടക വീട്ടില്‍ കഴിയുന്നത്.പിറവം കക്കയത്ത് താമസിച്ചിരുന്ന ഇവർ 2007ല്‍ സ്വന്തം സ്ഥലം വിറ്റ് ലഭിച്ച തുക ഉപയോഗിച്ച് മകന്റെ പേരില്‍ അന്ത്യാലില്‍ ഒൻപതര സെന്റ് സ്ഥലം വാങ്ങുകയും ശേഷിച്ച തുക ഉപയോഗിച്ച് വീട് നിർമിക്കുകയും ചെയ്തു. അന്ന് വരെ കുടുംബത്തിന് കടബാധ്യതകളൊന്നും ഇല്ലായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു.
എന്നാല്‍ പിന്നീട് മാതാപിതാക്കളെ അറിയിക്കാതെ മകൻ ആ സ്ഥലം ഈട് വച്ച് പൊതുമേഖലാ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വായ്പ എടുത്തതെന്ന് ഇരുവരും പറയുന്നു. വായ്പയും പലിശയും ചേർന്ന് കുടിശിക ഏകദേശം 40 ലക്ഷം രൂപയായതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.നാല് വർഷം മുൻപ് വീട് ഒഴിയേണ്ടി വരുമെന്ന് മകൻ അറിയിച്ചെങ്കിലും ഗോപാലനും കുഞ്ഞമ്മയും മൂന്ന് വർഷത്തോളം അതേ വീട്ടില്‍ തുടർന്നു.
ഒടുവില്‍ ഒരു വർഷം മുൻപ് ബാങ്ക് അധികൃതർ സ്ഥലവും വീടും ജപ്തി ചെയ്തതോടെ ഇരുവർക്കും വീട് വിട്ടിറങ്ങേണ്ടി വന്നു. ഇപ്പോള്‍ വാടക വീട്ടിലാണ് ഇവരുടെ താമസം. ഹൃദയസംബന്ധമായ അസുഖവും കാഴ്ചക്കുറവും അനുഭവിക്കുന്ന ഗോപാലന്റെ ചികിത്സയും ദൈനംദിന ചെലവുകളും സമീപത്ത് നടത്തുന്ന ചെറിയ പെട്ടിക്കടയില്‍ നിന്നുള്ള വരുമാനവും നാട്ടുകാരുടെ സഹായവുമാണ് ആശ്രയം.
2022ന് ശേഷം മകൻ വീട്ടില്‍ വന്നിട്ടില്ലെന്നും സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത പെണ്മക്കള് കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ടെന്നും ദമ്പതികള്‍ പറയുന്നു. സംഭവത്തില്‍ നേരത്തെ ആർഡിഒയ്ക്ക് പരാതി നല്‍കിയതിനെ തുടർന്ന് പ്രതിമാസം 3,000 രൂപ ചെലവിനായി നല്‍കാമെന്ന് മകൻ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും തുക ലഭിച്ചിട്ടില്ലെന്ന് വാർഡ് മെമ്പർ മോളി ഏബ്രഹാം വ്യക്തമാക്കി.






