കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സജ്ജീകരിച്ച പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു നിർവഹിച്ചു.
2026 ഒക്ടോബർ 7 മുതൽ 21 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിലും വിജയദശമി ചടങ്ങുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ പോലീസ് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ച് മുന്നൂറോളം പോലീസ് സേനാംഗങ്ങളെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ്., വാകത്താനം സർക്കിൾ ഇൻസ്പെക്ടർ വി എം ഡോളി, ക്ഷേത്ര മാനേജർ കെ. എൻ. നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ ശ്രീകുമാർ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






