തിരുവനന്തപുരം: വധശ്രമക്കേസിലെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ക്രൂരമായ ആക്രമണം.
സംഭവത്തില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വെങ്ങാനൂര്‍ സ്വദേശി വിഷ്ണുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരന് അനന്തു (21) എന്നിവരാണ് അറസ്റ്റിലായത്.
പൂങ്കുളം ജംഗ്ഷനില്‍ കാര്‍ സജ്ജമാക്കി നിര്‍ത്തി തൃശൂരിലേക്ക് കടക്കാന്‍ ബൈക്കിലെത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം തടയുകയായിരുന്നു. ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ആദ്യം സിപിഓ വിനയകുമാറിനെ താക്കോല്‍ കൊണ്ട് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സിപിഓ റെജിന്‍ നാട്ടുകാരുടെ സഹായത്തോടെ പിന്തുടര്ന്ന് പിടികൂടി ജീപ്പില്‍ കയറ്റിയെങ്കിലും ആക്രമണം തുടര്‍ന്നു. വിലങ്ങണിഞ്ഞ കൈകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് സിപിഓ രാകേഷിന്റെ മൂക്കിന്റെ പാലം തകര്‍ന്നു.
ഗുരുതരമായി പരിക്കേറ്റ സിപിഓ രാകേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കേറ്റ മറ്റു പോലീസുകാരും ചികിത്സ തേടിയിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസെത്തിയാണ് പ്രതികളെ പൂര്‍ണ്ണമായും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.






