തിരുവനന്തപുരം: നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. കെ.എസ്.ആർ.ടി.സിയുടെ എ.ഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോള്‍ഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് സ്ഥാപനം മുന്നോട്ടുപോകുന്നതെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും ഒന്നാം തീയതി തന്നെ വിതരണം ചെയ്യുന്ന രീതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം:
പ്രത്യേകം മൊബൈല്‍ ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ 9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ച് യാത്രക്കാർക്ക് എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ തീയതി, സമയം, സീറ്റ് എന്നിവ തിരഞ്ഞെടുത്ത് സുരക്ഷിതമായി പേയ്മെന്റ് പൂർത്തിയാക്കിയാല്‍ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും വാട്സ്ആപ്പ് ചാറ്റില്‍ തന്നെ ലഭിക്കും. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ ഈ സംവിധാനം ഏറെ സഹായിക്കും.






