കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപാലം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് തൊട്ടിൽപാലം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആർ പ്രകാരം ഇക്കഴിഞ്ഞ ജൂലൈ 28ന് വൈകുന്നേരം 5 മുതൽ 7 വരെ നടന്ന സംഭവത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡോ. റോസി, അശ്വിൻ, സാബിറ എന്നിവരെയും തിരിച്ചറിയാത്ത നിരവധി പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുവഴിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതായാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. പോലീസ് പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ നിർദേശിച്ചെങ്കിലും പ്രതിഷേധം രാത്രി 7 മണിവരെ തുടർന്നുവെന്നും എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.
സ്ഥലത്ത് അറസ്റ്റ് നടത്തിയാൽ കൂടുതൽ നിയമ-സമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്ന വിലയിരുത്തലിൽ അന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും തുടർന്ന് രാത്രി 9.20ന് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും രേഖയിൽ പറയുന്നു. കേസ് ഭാരതീയ ന്യായ സംഹിത വകുപ്പുകൾ 189(2), 285, 190 എന്നിവ പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണ ചുമതല സബ് ഇൻസ്പെക്ടർ സദിർ എംകെയ്ക്കാണ് നൽകിയത്.






