ന്യൂഡല്‍ഹി : ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടി അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സുപ്രീം കോടതി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര് സുഭാഷ് റെഡ്ഡി അധ്യക്ഷനാവും. ഉന്നതതല അന്വേഷണം നടത്തുമെന്ന് നേരത്തെ തന്നെ സുപ്രീ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സമിതി രൂപീകരിച്ചിരിക്കുന്നത്.
അഞ്ചംഗ സമിതിയെയാണ് പൊലീസ് നടപടി അന്വേഷിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ജയിന്, മുന്‍ ഹൈക്കോടതി ജസ്റ്റിസ് ശാലീന്തര്‍ കൗര്‍, സിബിഐ ഡയറക്ടര്‍ റിഷികുമാര്‍ ശുക്ള, മുന്‍ മേഖാലയ ഡിജിപി എല്‍ആര്‍ ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സമിതിയുടെ പരിഗണനാ വിഷയങ്ങളും സുപ്രീം കോടതി തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും ആറ് വിഷയങ്ങളാണ് സമിതിയുടെ പരിഗണനയില്‍ വരുന്നതെന്ന് സുപ്രീം കോടതി ബെഞ്ച് അറിയിച്ചു. അതില്‍ പ്രധാനമായും പൊലീസിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങളും വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായ അക്രമ സംഭവങ്ങളും ഉള്‍പ്പെടും.
പൊലീസിന്റെ ഭാഗത്തു നിന്ന് പെല്ലറ്റ് ആക്രമണമുണ്ടായോ എന്നതും വിശദമായി അന്വേഷിക്കും. അതൊടൊപ്പം മുന്നറിയിപ്പ് ഇല്ലാതെ ഇലക്ട്രിക്ക് ബാറ്റണ്‍ ഉപയോഗിച്ചതും സമിതി പ്രത്യേകം പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രതിഷേധം നേരിടുന്നതില്‍ പരിധിയില്‍ കവിഞ്ഞ ബലപ്രയോഗമുണ്ടായോ എന്നതും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.






