.പത്തനംതിട്ട: ശബരിമല നിലയ്ക്കലില്‍ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയതും ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങിയത് കടുത്ത ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും വഴിവെച്ചു. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡില്‍ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റർ തിരികെ പറന്നുപോവുകയായിരുന്നു.
ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ അതോ നിരീക്ഷണപ്പറക്കലായിരുന്നോ എന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ സംഭവം വാർത്തയായതോടെ പ്രതികരിച്ച ഇന്ത്യൻ വ്യോമസേന, പ്രകൃതി ദുരന്ത രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായ പരീക്ഷണ പറക്കലായിരുന്നു ഇതെന്ന് വ്യക്തത വരുത്തി.
എടിഎസില്‍ നിന്നും പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചു. ജടായു പാറ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുൻപ് ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിനു തൊട്ടു മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നത് വിവാദമായിരുന്നു. കാലാവസ്ഥാ പ്രശ്നം മൂലമാണ് താഴ്ന്നു പറന്നതെന്നാണ് അന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞിരുന്നത്. അന്ന് ക്ഷേത്രത്തിന് 5 മീറ്റർ ഉയരം വരെ ഹെലികോപ്റ്റർ എത്തിയെന്നായിരുന്നു റിപ്പോർട്ടുകള്‍.
പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. മോശം കാലാവസ്ഥ കാരണം റൂട്ട് മാറിയതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചിരുന്നു.ഇതിന് പിന്നാലെ ആണ് ഇപ്പോള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാതെ വായുവില്‍ നിന്നുപോയതും വലിയ ചർച്ചയായി. സാധാരണയായി നിലയ്ക്കലിലെ ഹെലിപ്പാഡ് വരെ മാത്രമേ ഔദ്യോഗിക ഹെലികോപ്റ്ററുകള്‍ക്ക് വരാൻ അനുമതിയുള്ളൂ.മുൻകൂർ അനുമതിയില്ലാതെ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്ററോ ഡ്രോണുകളോ പറത്താൻ നിയമപരമായി അനുവാദമില്ല.
ശബരിമലയും പരിസര പ്രദേശങ്ങളും അതീവ സുരക്ഷാ മേഖലയായി (Special Security Zone) പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളാണ്.കൂടാതെ, ഈ പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ (Periyar Tiger Reserve) ഭാഗമായതിനാല്‍ കടുത്ത വന്യജീവി സംരക്ഷണ നിയമങ്ങളും സിവില്‍ ഏവിയേഷൻ ചട്ടങ്ങളും ഇവിടെ ബാധകമാണ്.






