വെള്ളറട: മാർത്താണ്ഡത്ത് സ്വകാര്യ നഴ്സിംഗ് കോളജ് കെട്ടിടത്തിൽ നിന്നു ചാടി നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയായ വിദ്യാർഥിനി അന്‍സിജി മരിച്ച സംഭവത്തില്‍ കോളജ് പ്രിൻസിപ്പൽ ഷീജയെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി തക്കല പോലീസ് അറസ്റ്റ് ചെയ്തു.
തക്കല എരണി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഒളിവില്‍പോയിരുന്ന ഷീജയെ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ഹൊസൂരില്‍നിന്നാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
14-ാം തീയതി കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നു ചാടിയതിനെത്തുടർന്നു ഗുരുതര പരിക്കേറ്റ അൻസിജിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന പേരില്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേർന്നു ക്രൂരമായി മാനസിക പീഡനം ഏല്‍പ്പിച്ചെന്നും ഇത് അൻസിജിയെ
കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചെന്ന കാര്യവും അൻസിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ വ്യക്തമാകുന്നുണ്ട്
കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം നല്‍കിയതിനെതിരേ വിദ്യാര്‍ഥികള്‍ നേരത്തെ സമരം സംഘടിപ്പിച്ചിരുന്നു.
ഇതിനു നേതൃത്വം നല്കിയ വിദ്യാര്‍ഥികളോട് കോളജ് മാനേജ്മെന്റ് പ്രതികാരബുദ്ധിയോടെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയുണ്ട്.
ഇതിന്റെ തുടര്‍ച്ചയായാണ് നിസാര കാര്യങ്ങള്‍ ഉയര്‍ത്തി അൻസിജിയെ വേട്ടയാടിയതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
അന്‍സിജിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ കരുങ്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
കേസുമായി ബന്ധപ്പെട്ട് മറ്റ് ആറ് അധ്യാപകരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണു പോലീസിന്റെ തീരുമാനം.






