കോഴിക്കോട്: റവന്യൂ മന്ത്രി എ.പി അനില്‍കുമാറിന്റെ സ്റ്റാഫില്‍ സഭ പറഞ്ഞയാളെ നിയമിച്ചെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വെളിപ്പെടുത്തലില്‍ വിമർശനവുമായി വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍.
പള്ളിക്കാർ കയ്യേറിയ വസ്തുക്കള്‍ സംരക്ഷിക്കാനുള്ള എളുപ്പവഴിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.
''റവന്യു മന്ത്രിയുടെ സ്റ്റാഫില്‍ സഭ പറഞ്ഞ ആളെ നിയമിച്ചതിന് ബിഷപ്പ് നന്ദി പറഞ്ഞു. എന്തേ റവന്യു വകുപ്പ്? ഉത്തരം കൃത്യം, സഭയും പള്ളിക്കാരും കയ്യേറിയ ആയിരക്കണക്കിന് ഏക്കർ വസ്തുക്കള്‍ കൃത്രിമ രേഖയുണ്ടാക്കിയും റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ചും വിരട്ടിയും കൈവശപ്പെടുത്തുക. തങ്ങള്‍ പറയുന്നവർ ബിഷപ്പ് പറയുന്നവർ എന്നിവരായിരിക്കും ഇനി കേരളം നിയന്ത്രിക്കുക. പള്ളി കേരളവും അല്‍ കേരളവും ആകുന്ന പരശുരാമ കേരളം''- അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
റവന്യൂ മന്ത്രിയുടെ സ്റ്റാഫില്‍ സഭ നിർദേശിച്ചയാളെ നിയമിച്ചതിന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞിരുന്നു.
റവന്യൂ വകുപ്പില്‍ നിങ്ങള്‍ക്ക് സ്വീകാര്യനായ ആരെയും നിർദേശിച്ചോളൂ, അവരെ എടുത്തിരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു. നല്കിയ ഉറപ്പ് മന്ത്രി പാലിച്ചുവെന്ന് പാംപ്ലാനി പറഞ്ഞു.
ഭൂപ്രശ്നങ്ങളില്‍ ഇടപെടാൻ സഭയ്ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.പി അനില്‍ കുമാർ വേദിയിലുള്ളപ്പോഴായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. വെള്ളരിക്കുണ്ടില്‍ ജെൻസീ അതിരൂപതാ യുവജനദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം






