കോട്ടയം: കര്ഷകന് ലഭിച്ചത് പരമാവധി 62 രൂപ, ഓണത്തലേന്നു വിറ്റത് 120 രൂപയ്ക്കുവരെ. പൈനാപ്പിള്‍ വിപണിയിലാണ് ഓണക്കാലത്ത് പകല്‍ക്കൊള്ള നടന്നത്.
ഓണ സീസണില്‍ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്ന കര്‍ഷകരെ ചൂഷണം ചെയ്താണ് ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്തത്.
പഴുത്ത കൈതച്ചക്കയ്ക്ക് ഏതാനും ദിവസങ്ങളായി കര്‍ഷകര്‍ക്കു ലഭിക്കുന്നത് 62 രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയമുണ്ടായിരുന്നത് 32 രൂപ മാത്രമായിരുന്നു.
താരതമ്യേന നിലവാരം കുറവായിരുന്നുവെങ്കിലും മെയ് - ജൂലൈ മാസങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ നിലവിലെ വില വര്‍ധന കര്‍ഷകരെ സഹായിച്ചിരുന്നു. പച്ച സ്പെഷല്‍ ഗ്രേഡിന് 52 രൂപയും സാധാരണ പച്ചയ്ക്ക് 50 രൂപയുമായിരുന്നു വില. മുന്‍ വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 34, 32 രൂപയായിരുന്നു വില.
ഏതാനും ആഴ്ചകളായി 53 രൂപയായിരുന്നു പഴുത്ത പൈനാപ്പിളിന്റെ വാഴക്കുളം മാര്‍ക്കറ്റിലെ വില. എന്നാല്‍, 17 മുതല്‍ ഓരോ രൂപ വീതം കൂടി വില 62 രൂപയില്‍ എത്തുകയായിരുന്നു.
വാഴക്കുളത്ത് വില കൂടുന്നുതിന്റെ ഇരട്ടിയായാണ് പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില കൂടിയത്. ഓണത്തിനു തലേ ആഴ്ച 70- 80 രൂപയ്ക്കു ലഭിച്ചിരുന്ന കൈതച്ചക്ക ഓണം അടുത്തതോടെ ഓരോ ദിവസവും 10 -20 രൂപ വീതം കൂടുകയായിരുന്നു. ഒടുവില്‍ ഓണനാളില 120 രൂപയ്ക്കാണു ജില്ലയിലെ പച്ചക്കറി കടകളില്‍ വിറ്റഴിച്ചത്.
ഉയര്‍ന്ന ഗ്രേഡിലുള്ള കൈതച്ചക്കയ്ക്കാണു വാഴക്കുളത്തു 62 രൂപ ലഭിച്ചതെങ്കില്‍, 120 രൂപയ്ക്കു കടകളില്‍ വിറ്റതില്‍ ഏറ്റവും താഴ്ന്ന തരവുമുണ്ടായിരുന്നു.
ഓണസദ്യയ്ക്കു കറികളില്‍ പൈനാപ്പിള്‍ കൊണ്ടുള്ള മധുരക്കറി നിര്‍ബന്ധമാണെന്നതിനാല്‍ ആവശ്യക്കാരേറിയതാണു വില വര്‍ധിക്കാന്‍ കാരണമായത്. ആവശ്യത്തിനനുസരിച്ചു പൈനാപ്പിള്‍ ലഭ്യമല്ലാതെ പോയതും വില വര്‍ധന സാധ്യതകള്‍ വര്‍ധിച്ചു. ഓണത്തിനു ശേഷശവും ഈ വില തുടരണേ എന്ന പ്രാര്‍ഥനയിലാണു കര്‍ഷകര്‍.ഇത്തവണ, വേനല്‍ ശക്തമായിരുന്നതിനാല്‍ മെയ് -ജൂലൈ മാസങ്ങളില്‍ വന്‍ നഷ്ടമാണു കര്‍ഷകര്‍ നേരിട്ടത്.
ഉത്പാദനം കുറഞ്ഞതിനൊപ്പം കൈതച്ചക്കയുടെ തൂക്കം കുറഞ്ഞതും കര്‍ഷകര്‍ക്കു നഷ്ടമാണ് സമ്മാനിച്ചത്. ഉത്തരേന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറിയ സമയം ആവശ്യത്തിനു പൈനാപ്പിള്‍ കയറ്റി അയയ്ക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതേത്തുടര്‍ന്നു പൈനാപ്പിളിന്റെ ഏറ്റവും ഉയര്‍ന്ന വിലയായ 70 രൂപ ജൂണ്‍ ആദ്യ ദിനങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.






