തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നല്കിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയില്‍ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ അസഹിഷ്ണുതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സർക്കാർ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോള്‍ ഈ അതിക്രമത്തിന് നേതൃത്വം നല്‍കുന്നത്?' എന്നും അദ്ദേഹം ചോദിച്ചു.സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ഓരോ പൗരന്റേയും മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, മറിച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'ഡല്‍ഹിയില്‍ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വി.ഡി.
സതീശന്റെയും യുഡിഎഫിന്റെയും വ്യാമോഹം ഇവിടെ നടപ്പിലാകില്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണം,' പിണറായി വിജയൻ വ്യക്തമാക്കി.എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവർക്കർമാരുടെ പേരില്‍ നടത്തിയ സമരത്തെ തകർക്കുന്നതിന് വേണ്ടി പന്തല്‍ പൊളിക്കാൻ ആരും പോയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ആ സമരത്തെ ഓരോ മണിക്കൂറിലും പോയി അഭിവാദ്യം ചെയ്യുകയും സർക്കാരിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ എല്‍പിഎസ്ടി സമരം തകർക്കാൻ പന്തല്‍ പൊളിക്കലും അറസ്റ്റുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.






