ഡല്‍ഹി: മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേയ്ക്ക് തടഞ്ഞ് സുപ്രീം കോടതി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തില്‍ അപ്പീല്‍ കേള്‍ക്കണമായിരുന്നുവെന്നും സുപ്രീം കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. കോടതിയല്ല, ഇഡിയാണ് കേസെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നല്‍കിയത്. പ്രാഥമികാന്വേഷണം നടത്തണമെന്ന നിലപാടിലായിരുന്നു ആദ്യം സർക്കാർ. എന്നാല്‍, സിംഗിള്‍ ബെഞ്ച് ജഡ്ജ് കേസെടുക്കണമെന്ന് ഉത്തരവിട്ടപ്പോള്‍ എന്തുകൊണ്ട് സർക്കാർ അപ്പീല്‍ നല്‍കിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.
ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു കേസെടുക്കുമ്പോള്‍ എന്തുകൊണ്ട് പ്രാഥമികാന്വേഷണം നടത്തിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.
അപ്പീല്‍ നല്‍കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പിണറായിക്കും റിയാസിനുമെതിരായ എഫ്ഐആർ നിലനില്‍ക്കുമെങ്കിലും കേസില്‍ തുടരന്വേഷണം നടത്താനാകില്ലെന്നാണ് സുപ്രീം കോടതി നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. എഫ്ഐആർ റദ്ദാക്കണോ എന്ന കാര്യത്തില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് തീരുമാനമെടുക്കാം.
കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പിണറായി വിജയൻ, മകള്‍ ടി വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് മൂന്നുപേരും സുപ്രീംകോടതിയെ സമീപിച്ചത്.






