കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളില്‍ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍
ഇഡി നല്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാൻ സമർമ്മിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഒരു ഡയറിയുടെ അടിസ്ഥാനത്തില്‍ മാത്രം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കേസെടുക്കാൻ ആവശ്യമായ മൊഴികളും ലഭ്യമാക്കിയിട്ടുണ്ടെന്ന ഇഡി വാദം സർക്കാരിനെ കോടതി ഓമർപ്പിച്ചു. കേസെടുക്കണമെന്ന ശുപാർശ കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഹർജിയെ എതിർത്ത് സർക്കാർ
ഇഡി കത്തില്‍ എഫ്ഐആർ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇ ഡിയുടെ പ്രധാന തെളിവ് ഡയറി മാത്രമാണ്. ഡയറി വെച്ച് കേസെടുക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാന്‍ കഴിയുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജി നിലനില്‍ക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. എന്നാല്‍, ഡയറി മാത്രമല്ലല്ലോ മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.
കത്ത് കോടതിയില്‍ ഹാജരാക്കി ഇഡി
അതേസമയം പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് നല്കിയ കത്ത് ഇഡി കോടതിയില്‍ ഹാജരാക്കി. മൊഴി പകർപ്പ് അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. ഇത് സർക്കാരിന് കൈമാറിയോ എന്ന് കോടതി ചോദിച്ചു. പൂർണമായ മൊഴി പകർപ്പ് കൊടുത്തിട്ടില്ലെന്നായിരുന്നു ഇഡിയുടെ മറുപടി. കേസ് എടുക്കാൻ മൊഴി വിവരങ്ങള്‍ ആവശ്യമില്ലെന്നും തെളിവുകള്‍ കത്തിലുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയില്ലേ എന്ന് കോടതി ചോദിച്ചു, രേഖപ്പെടുത്തിയെന്ന് ഇഡി മറുപടി നല്കി. പൊലീസ് ആവശ്യപ്പെട്ടാല്‍ മൊഴി പകർപ്പ് നല്കാൻ തയ്യാറാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസ് എടുക്കണമെന്ന് നിലപാട് ഇഡി കോടതിയില്‍ ആവർത്തിച്ചു. ഇല്ലെങ്കില്‍ കോടതിയെ നേരിട്ട് സമീപിക്കാൻ ഇഡിയ്ക്ക് അവകാശമുണ്ടെന്നും വാദിച്ചു. ഇ ഡി പൊലീസിനെ പോലെ അന്വേഷണ ഏജൻസിയല്ല, വിവര ശേഖരണവും തുടർ നടപടികളുമാണ് ഇ ഡിയുടെ പരിധിയില്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഇ ഡി അന്വേഷണ ഏജൻസി തന്നെയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.






