ഡല്‍ഹി: 'കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്' എന്നു തുടങ്ങി കുഴക്കുന്ന ചോദ്യങ്ങള്‍ ഒരുപാടുണ്ട്.
എന്നാല്‍ അവയൊന്നും സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ തല പുകയ്ക്കാനായി എത്താറില്ല. എന്നാല്‍, സമാനമായ ഒരു ചോദ്യം ഒരു പതിറ്റാണ്ടോളം കാലം ജഡ്ജിമാരെ പ്രശ്നത്തിലാക്കിയിരുന്നു. ചോദ്യം ഇതാണ്: 'തേങ്ങ പഴമാണോ പച്ചക്കറിയാണോ?' കേള്‍ക്കുമ്പോള്‍ ലളിതമായ ഒരു അടുക്കള പ്രശ്നമായി തോന്നാമെങ്കിലും, ഈ ചോദ്യം പരമോന്നത നീതിപീഠത്തിനു മുമ്പില്‍ വരെയെത്തി. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് വഴിവെക്കുകയും ചെയ്തു.
നികുതി ഇളവുകളുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ ഭാഗമായാണ് തേങ്ങയുടെ 'പദവി' ചർച്ചയായത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷനും തേങ്ങ വ്യാപാരികളും തമ്മിലായിരുന്നു കേസ്. ശ്രീ ഭറൂച്ച് കോക്കനട്ട് ട്രേഡിംഗ് കമ്പനി & മറ്റുള്ളവർ വേഴ്സസ് അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ എന്നാണ് കേസിന്റെ ടൈറ്റില്‍. ജസ്റ്റിസ് കുല്‍ദീപ് സിംഗ്, ജസ്റ്റിസ് കെ രാമസ്വാമി എന്നിവർ കേസ് വാദം കേട്ടു. 1990ലായിരുന്നു സംഭവം.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തേങ്ങ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ടുപോയി വില്‍പ്പന നടത്തുന്ന വ്യാപാരികളാണ് കേസിന് തുടക്കമിട്ടത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ അതിർത്തിക്കുള്ളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ 'ഒക്ട്രോയി' എന്ന പ്രവേശന നികുതി ഈടാക്കിയിരുന്നു. അഹമ്മദാബാദ് മുനിസിപ്പല്‍ ആക്ട് പ്രകാരം പച്ചപ്പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ക്ക് ഒക്ട്രോയി നികുതി നല്‍കേണ്ടിയിരുന്നില്ല. തുടക്കത്തില്‍, 100 കിലോ തേങ്ങയ്ക്ക് 1 രൂപ എന്ന കുറഞ്ഞ നിരക്കിലായിരുന്നു ഒക്ട്രോയി. എന്നാല്‍ കോർപ്പറേഷൻ ഈ നിരക്ക് 100 കിലോയ്ക്ക് 5 രൂപയായി ഉയർത്തി. ഇതോടെ രംഗം മാറി.
പുതിയ നികുതി വർദ്ധനയെ വ്യാപാരികള്‍ എതിർത്തു. വിളഞ്ഞ തേങ്ങ പച്ചപ്പഴങ്ങളുടെ ഗണത്തില്‍ പെടുമെന്ന വാദവുമായി അവർ മുന്നോട്ട് വന്നു. പച്ചപ്പഴങ്ങള്ക്കുള്ള പൂർണ്ണ നികുതി ഇളവ് തേങ്ങയ്ക്കും വേണം എന്നായിരുന്നു വാദം. മുനിസിപ്പല്‍ അധികാരികള്‍ ഈ വാദം തള്ളിയതോടെ വിഷയം കോടതിയിലെത്തി.
ഹൈക്കോടതി വിധി
ഗുജറാത്ത് ഹൈക്കോടതി വ്യാപാരികളുടെ ഹർജി തള്ളുകയാണുണ്ടായത്. വിളഞ്ഞ തവിട്ടുനിറത്തിലുള്ള തേങ്ങയെ നിയമപരമായി പച്ചപ്പഴം എന്ന് വർഗ്ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ അത്തരം വസ്തുക്കള്‍ പൊതുവായ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഒക്ട്രോയി നികുതി നല്കാൻ ബാധ്യസ്ഥരാണെന്ന് കോടതി വിധിച്ചു. തുടർന്ന് വ്യാപാരികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി.
പൊതുവ്യവഹാര തത്ത്വം പ്രയോഗിച്ച് സുപ്രീംകോടതി
സുപ്രീം കോടതി ഈ കേസില്‍ പൊതുവ്യവഹാര തത്ത്വം എന്ന നിയമ സങ്കേതത്തെ പ്രയോഗിച്ചാണ് പരിഹാരം കണ്ടെത്തിയത്. Common Parlance Test / Commercial Parlance എന്നാണിതിന് പറയുക. നികുതി നിയമങ്ങളിലെ വാക്കുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ശാസ്ത്രീയമോ സസ്യശാസ്ത്രപരമോ ആയ നിർവ്വചനങ്ങളേക്കാള് സാധാരണ ജനങ്ങളും കച്ചവടക്കാരും നിത്യജീവിതത്തില്‍ അതിനെ എങ്ങനെ കാണുന്നു എന്നതിനാണ് കോടതി മുൻഗണന നല്‍കിയത്. തേങ്ങ പച്ചപ്പഴമോ പച്ചക്കറിയോ അല്ല എന്ന നിഗമനത്തിലേക്ക് കോടതി ഇങ്ങനെ എത്തിച്ചേർന്നു.
ഇതിന് സുപ്രീംകോടതി ഉപയോഗിച്ച മാർഗം ലളിതമായിരുന്നു. രസകരമായ ഒരു ചോദ്യം കോടതി ഉന്നയിച്ചു. വീട്ടിലെ ഒരാളോട് പോയി കുറച്ച് പച്ചപ്പഴങ്ങളോ പച്ചക്കറികളോ വാങ്ങി വരാൻ പറഞ്ഞാല്‍, അയാള്‍ തേങ്ങയുമായി വീട്ടിലേക്ക് മടങ്ങിവരുമോ എന്നതായിരുന്നു ചോദ്യം. സാധാരണ ജീവിതത്തില്‍ ആരും തേങ്ങയെ ഒരു 'പഴമായോ' 'പച്ചക്കറിയായോ' കാണുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു.
തേങ്ങയെ ഒരു 'ഡ്രൈ ഫ്രൂട്ട്' ആയി പരിഗണിച്ചൂടെ എന്ന വാദവും കോടതി തള്ളി. അണ്ടിപ്പരിപ്പ്, മുന്തിരി, ഈന്തപ്പഴം തുടങ്ങിയ വിപണിയിലെ 'ഡ്രൈ ഫ്രൂട്ട്സ്' വേറെതന്നെ ഒരു വിഭാഗമാണെന്ന് കോടതി വ്യക്തമാക്കി. സസ്യശാസ്ത്രപരമായി തേങ്ങ ഒരു പഴമാണെങ്കിലും, കച്ചവട ആവശ്യങ്ങളിലും വീട്ടാവശ്യങ്ങളിലും തേങ്ങ ഒരു 'പഴമല്ല'. മറിച്ച് അത് പലചരക്ക് സാധനമായോ, എണ്ണക്കുരുവായോ, പൂജാദ്രവ്യമായോ ആണ് കാണുന്നത്.
വിധി
കേസില്‍ വിധി വ്യാപാരികള്‍ക്ക് എതിരായിരുന്നു. വ്യാപാരികളുടെ അപ്പീല്‍ തള്ളുകയും, വിളഞ്ഞ തേങ്ങയ്ക്ക് പച്ചപ്പഴങ്ങള്ക്കുള്ള ഒക്ട്രോയി നികുതിയിളവ് ലഭിക്കില്ലെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്റെ നികുതി ചുമത്തല്‍ ശരിവെച്ച കോടതി വ്യാപാരികളോട് 10,000 രൂപ കോടതിച്ചെലവായി ഒടുക്കാനും ഉത്തരവിട്ടു.






