തിരുവനന്തപുരം: സമ്പന്നർക്കും സ്വാധീനമുള്ളവർക്കും സാധാരണക്കാർക്കും വ്യത്യസ്ത നീതിയാണോ നടപ്പാക്കുന്നതെന്ന ചോദ്യമുയർത്തി ചേരാനല്ലൂർ അപകടക്കേസില്‍ പൊലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
നെടുമ്പാശേരി അപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടായില്ലെന്നും അതാണ് ചേരാനല്ലൂരില്‍ കണ്ടതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
'ഞങ്ങള്‍ക്കും സമ്പന്നർക്കും രണ്ട് നീതിയാണോ?' എന്ന് ജയബാലകൃഷ്ണന്റെ മകള്‍ ചോദിക്കേണ്ടിവന്നത് ഗൗരവത്തോടെ കാണണം. ആഭ്യന്തരമന്ത്രിയുടെ വാക്കുകളും നിലപാടുകളും പോലും പൊലീസ് അംഗീകരിക്കാത്ത സാഹചര്യമാണുള്ളതെന്നും പിണറായി വിമർശിച്ചു.
ജയബാലകൃഷ്ണന്റെ ചിതയിലെ തീ അണയുംമുൻപാണ് മകള്‍ക്ക് ഇത്തരമൊരു ചോദ്യം ഉന്നയിക്കേണ്ടിവന്നത്. ഇത് സങ്കടകരവും അപമാനകരവുമാണ്. സമ്പന്നർക്കും സാധാരണക്കാർക്കും രണ്ട് നീതിയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകുന്നത് ഗൗരവമുള്ള വിഷയമാണ്. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണ് ഇത്തരം പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ഇത്തരമൊരു ഇരട്ടനീതി അംഗീകരിക്കാനാവില്ലെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.






