തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യവകുപ്പ് കോടികള്‍ മുടക്കി വാങ്ങിയ ഐഫോണുകളില്‍ വലിയൊരു പങ്ക് കാണാതായ സംഭവത്തില്‍ വിജിലൻസ് അന്വേഷണം വരുന്നു.
വിഷയത്തില്‍ സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്തുനല്‍കി.
കണ്ണ് പരിശോധനയ്ക്കുള്ള ഫണ്ടസ് ക്യാമറകളില്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്നതിനായി 7.16 കോടി രൂപ ചെലവഴിച്ചാണ് ആരോഗ്യവകുപ്പ് 224 ഐഫോണുകള്‍ വാങ്ങിയത്.
എന്നാല്‍ ഇതില്‍ ഭൂരിഭാഗം ഫോണുകളും നിലവില്‍ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചത്.
വാങ്ങിയ ഫോണുകളില്‍ പലതും കൃത്യമായി ഉപയോഗിക്കാതെ വിവിധ സർക്കാർ ആശുപത്രികളില്‍ അനാഥമായി കൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കിയിരുന്നു.
പൊതുപണം ഉപയോഗിച്ച് വാങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ വ്യാപകമായി കാണാതാവുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഉന്നതതല വിജിലൻസ് അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരിലേക്കും സംഭരണ പ്രക്രിയയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.






