പയ്യാവൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടലുണ്ടായ പ്രദേശങ്ങളിലൊക്കെ അനധികൃത കരിങ്കല്‍ ഖനനത്തിനായി സ്ഫോടനം നടത്തി പാറ പൊട്ടിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
പൈസക്കരി താഴെപാലയാടുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി ആളുകളുടെ ഭൂമിയും കൃഷിയും ഒലിച്ചുപോയിരുന്നു. ഇവിടെ കോഴിഫാം നിര്‍മിക്കാനെന്ന പേരില്‍ സ്വകാര്യ വ്യക്തി വ്യാപകമായി പാറ പൊട്ടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ടാണ് ഖനനം നിര്‍ത്തിവയ്പ്പിച്ചത്. അനധികൃത ഖനനം നടത്തിയ ആള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇദ്ദേഹത്തിന്റെ വസ്തുവിന്റെ സമീപത്താണ് വലിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഏറ്റുപറായിലും ഫാം ടുറിസം എന്ന പേരില്‍ വ്യാപകമായി പാറ പൊട്ടിച്ചിരുന്ന ഇടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഇവിടെയും പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത്തരത്തില്‍ അനധികൃത ഖനനങ്ങള്‍ പുറത്തറിയുമ്പോള്‍ പഞ്ചായത്ത് ഇടപ്പെട്ട് തടയുന്നുണ്ടെങ്കിലും അതിനകം തന്നെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് വലിയ തോതില്‍ പാറ പൊട്ടിച്ചു കടത്തിയിരിക്കും.
എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട റവന്യു, ജിയോളജി വകുപ്പുകള്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഒത്തു തീര്പ്പാക്കുന്നതായാണ് കാണുന്നത്. ഖനനത്തെ തുടര്‍ന്ന് പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ മാത്രം പേരിന് എന്തെങ്കിലും ലഘുവായ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ ദുരന്തം ജനങ്ങള്‍ മറക്കുന്നത്തോടെ വീണ്ടും പങ്ക്പറ്റി ഇത്തരം മാഫിയകളുടെ ആളുകളായി മാറുന്നതാണ് അവസ്ഥയെന്നും പ്രദേശവാസികള്‍ പറയുന്നു.






