ഒറിഗോണ്‍ : അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ പുരുഷ ജാവലിൻ ത്രോയില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍.
ഉത്തർപ്രദേശ് സ്വദേശിയായ ആശിഷ് യാദവ് (19) ആണ് ഫൈനലില്‍ 74.09 മീറ്റർ എറിഞ്ഞ് വെള്ളി സ്വന്തമാക്കിയത്. 2016ല്‍ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് ശേഷം അണ്ടർ 20 ചാമ്പ്യൻഷിപ്പില്‍ പുരുഷ ജാവലിൻ ത്രോയില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ആശിഷ് യാദവ്. ദക്ഷിണാഫ്രിക്കയുടെ ജാൻ-ഹെൻഡ്രിക് ഹെയ്മാൻസ് 80.50 മീറ്റർ എറിഞ്ഞ് സ്വർണം നേടി.
അതേസമയം, അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഷ്ഫാഖിന് എട്ടാം സ്ഥാനം. 46.20 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യുഎസ്എക്കാണ്. 44.47 സെക്കൻഡില്‍ ഫിനിഷ് ചെയ്ത ജയ്ഡെൻ ഡിലിയോണ്‍ സ്വർണവും 44.62 സെക്കൻഡില്‍ ഓടിയെത്തിയ ക്വിൻസി വില്‍സണ്‍ വെള്ളിയും നേടി. ദക്ഷിണാഫ്രിക്കയുടെ ലീൻഡർട്ട് കൊക്കെമോർ വെങ്കലവും സ്വന്തമാക്കി.






