പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഒന്നര വയസ്സുകാരന്റെ മരണത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് വിദഗ്ധ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളെന്ന് സമിതി അംഗവും ജില്ലാ ഗവൺമെന്റ് പ്ലീഡറുമായ അഡ്വ. കെ. അജിത് കുമാർ. അനാവശ്യമായി ജനറൽ അനസ്തീഷ്യ നൽകാൻ തീരുമാനിച്ചതും ആവശ്യമായ ചികിത്സാ സൗകര്യങ്ങളുടെ അഭാവവും ഗുരുതര വീഴ്ചയായാണ് സമിതി കാണുന്നത്. അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം പോലീസിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞിന് പരിക്കേറ്റതിന് ശേഷം ഏകദേശം ആറു മണിക്കൂറോളം ചികിത്സ നൽകിയിരുന്നില്ലെന്നും, ആ സമയത്ത് കാര്യമായ രക്തസ്രാവമുണ്ടായിരുന്നില്ലെന്നും അജിത് കുമാർ പറഞ്ഞു. ഇത്ര ചെറിയ പരിക്കിന് ജനറൽ അനസ്തീഷ്യയുടെ ആവശ്യമില്ലായിരുന്നുവെന്നാണ് സമിതിയുടെ നിഗമനം. ആവശ്യമില്ലാത്ത ചികിത്സയ്ക്കാണ് ഡോക്ടർമാർ ശുപാർശ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ജനറൽ അനസ്തീഷ്യ നൽകുമ്പോൾ ഉണ്ടാകാവുന്ന അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ ആശുപത്രിയിൽ ഉണ്ടായിരിക്കേണ്ടതായിരുന്നു. എന്നാൽ അത്തരം സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് കുട്ടിയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്. സൗകര്യമില്ലാത്ത ആശുപത്രിയിൽ ഇത്തരമൊരു ചികിത്സ നൽകിയത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ആറു മണിക്കൂറിനുള്ളിൽ മുറിവ് ഭേദമാകാൻ തുടങ്ങുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് സർജറിയുടെ ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ പ്രോട്ടോക്കോൾ നിർദേശിച്ചത് ആരാണെന്ന് കണ്ടെത്തി അവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അഡ്വ. കെ. അജിത് കുമാർ ആവശ്യപ്പെട്ടു.






