കണ്ണൂർ: വിഭാഗീയ പ്രവർത്തനങ്ങളും പാർട്ടി വിരുദ്ധ നീക്കങ്ങളും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഉയർന്ന പശ്ചാത്തലത്തില്‍ സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ജില്ലാ കമ്മിറ്റി തീരുമാനം.
രണ്ടംഗ അന്വേഷണ കമ്മീഷന്റെ ശുപാർശ പരിഗണിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്തു. ഒരു ദിവസം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. ഏരിയ കമ്മിറ്റിക്കുള്ളില്‍ ഗുരുതരമായ സംഘടനാ പ്രശ്നങ്ങളുണ്ടെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തിയതായാണ് വിവരം
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരിലുണ്ടായ കനത്ത തോല്‍വിയാണ് അന്വേഷണത്തിന് പ്രധാന കാരണമായത്. വർഷങ്ങളായി സിപിഎമ്മിന് ശക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവണ പാർട്ടി സ്ഥാനാർഥി ടി.ഐ. മധുസൂദനൻ പരാജയപ്പെട്ടു. ഏകദേശം 50,000 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തിയിരുന്ന മണ്ഡലത്തിലാണ് പാർട്ടിക്ക് തിരിച്ചടി നേരിട്ടത്. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുൻപ് സിപിഎമ്മില്‍നിന്ന് വിട്ടുപോയ വി. കുഞ്ഞികൃഷ്ണനാണ് ഇവിടെ വിജയിച്ചത്.






