കോട്ടയം : ജലമാമാങ്കങ്ങളിൽ പങ്കെടുത്ത് ആവേശമാകാൻ ഇതാ കോട്ടയത്തുനിന്നും ഒരു ചുണ്ടൻ വളളം.ജില്ലയിലെ ആദ്യ ജനകീയ ചുണ്ടൻവള്ളമായ ആർപ്പൂക്കര ചുണ്ടൻ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ നീരണിഞ്ഞു.
രാവിലെ 11 മണിക്ക് ഫ്രാൻസിസ് ജോർജ് എം.പി., നാട്ടകം സുരേഷ് എം.എൽ.എ., മുൻ മന്ത്രി വി.എൻ. വാസവൻ, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് 12.05-ന് ചുണ്ടൻ വള്ളം ഔദ്യോഗികമായി നീരണിഞ്ഞു.
പെണ്ണാർ തോട്ടിലൂടെ ഘോഷയാത്രയായി മണിയാപറമ്പ് ചതുർവേണി സംഗമത്തിലേക്ക് എത്തിച്ച വള്ളത്തിന് ഉച്ചയ്ക്ക് 2.30-ന് ജനകീയ വരവേൽപ്പും നൽകി.
ചുണ്ടന്റെ മുഖ്യശിൽപിയായ സാബു നാരായണൻ ആചാരി, സഹശിൽപികൾ, വള്ളത്തിനായി തടി നൽകിയ ജോൺ കോയിക്കൽ, മരം വെട്ടിയ രാജേഷ് നടുത്തൊട്ടിയും സംഘവും, മാലിപ്പുരയ്ക്കായി സ്ഥലം നൽകിയ സുഭാഷ് മംഗലശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വരാനിരിക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ അർപ്പൂക്കര ചുണ്ടൻ തുഴയുന്ന കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ് പ്രദർശന തുഴച്ചിലും നടത്തി ആവേശം പകർന്നു.
ഫാ. ഡോ. ജയിംസ് മുല്ലശേരിയുടെ നേതൃത്വത്തിലുള്ള 20 അംഗ ബോർഡാണ് അർപ്പൂക്കര ചുണ്ടന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ബിജു വെട്ടൂർ, അരുൺ മോഹൻ, പി.ജെ. ഫിലിപ്പ്, വിനേഷ് കുമാർ, വി.കെ. സാഗർ, എൻ.കെ. കുര്യൻ, സനൂപ് മണലേൽ, ഡോ. മാത്യു പുതിയിടം, സണ്ണി ചിറയിൽ എന്നിവരും നിർമ്മാണ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചു.
ആർപ്പൂക്കരയുടെ കായിക-സാംസ്കാരിക പാരമ്പര്യത്തിൽ പുതിയ അധ്യായം കുറിച്ച്, ജനകീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി ഇനി അർപ്പൂക്കര ചുണ്ടൻ ജലപാതകളിൽ ചീറി പായും.






