ആലുവ :കരുമാലൂരില്‍ നിന്ന് കാണാതായ 12 വയസ്സുകാരിയെയും യുവാവിനെയും നാട്ടിലെത്തിച്ചു. രാവിലെ 10.30 ഓടെയാണ് ഇരുവരെയും ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് പൂനയില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ആണ് പെണ്‍കുട്ടിയെ കാണാതായത്.
കേസിലെ പ്രതി അഭിജിത്തിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നാണ് കണ്ടെത്തല്‍. അഭിജിത്ത് മുൻപ് ലഹരി കേസില്‍ പ്രതി ആയിരുന്നു. 2023 ല്‍ കൊല്ലം ഓച്ചിറ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിജിത്തിനെ സഹായിച്ച ദില്ലിയിലെ സുഹൃത്തിനെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുമായി ദില്ലിയിലേക്ക് എത്താൻ പറഞ്ഞത് ഇയാളാണ്. പ്രതി അഭിജിത്തിനെയും പെണ്‍കുട്ടിയെയും ആലുവ വെസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊല്ലം ഓച്ചിറ സ്വദേശിയായ യുവാവിന്റെ കൂടെ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് 12കാരിയെ കണ്ടത്തുന്നത്. സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ കൂടെ മറ്റൊരാള്‍ കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ആണ്‍സുഹൃത്തിന്റെ ഫോണ്‍ ട്രാക്ക് ചെയ്തതിനെ തുടർന്നാണ് കാസർഗോഡ്, മംഗലാപുരം മുംബൈ എന്നിവിടങ്ങളില്‍ ലൊക്കേഷൻ ലഭിച്ചത്.
യുവാവിന്റെ സുഹൃത്ത് വഴി ട്രാക്ക് ചെയ്ത ഫോണിലേക്ക് പോലീസ് മെസ്സേജ് അയപ്പിച്ചതാണ് ഇരുവരെയും കണ്ടെത്താൻ സഹായകമായത്. നിസാമുദ്ദീൻ എക്സ്പ്രസില്‍ ഇരുവരും മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിവരികയായിരുന്നെന്ന് പോലീസ്. മുനമ്പത്ത് ഐസ്ക്രീം കച്ചവടം നടത്തുകയായിരുന്നു യുവാവ്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30ഓടെയാണ് 12കാരിയെ കാണാതാകുന്നത്. സുഹൃത്തിന്റെ വീട്ടിലേക്ക് പുസ്തകം വാങ്ങാൻ എന്ന പേരില്‍ വീട് വിട്ടിറങ്ങിയ കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് ആലുവ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.






