നാം നേരിടുന്ന ചെറിയ ആരോഗ്യ അസ്വസ്ഥതകളെ ഗ്യാസ്, ഭക്ഷണം ദഹിക്കാത്തതിന്റെ പ്രശ്നം എന്നിങ്ങനെ നിസ്സാരവൽക്കരിക്കുകയാണ് പതിവ്.
സ്വയം ചികിത്സയിലൂടെയോ അസിഡിറ്റി ഗുളികകളിലൂടെയോ താത്കാലിക പരിഹാരം കണ്ടെത്താനും നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ ആഴ്ചകളോളം വിട്ടുമാറാതെ നിൽക്കുന്ന ചില ദഹനവ്യതിയാനങ്ങൾ ശരീരത്തിലെ സുപ്രധാന അവയവമായ പാൻക്രിയാസിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാകാൻ സാധ്യതയുണ്ട്.
മറ്റു പല ക്യാൻസറുകളെ അപേക്ഷിച്ച് തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങളോ കഠിനവേദനയോ കുറവായതിനാൽ പാൻക്രിയാറ്റിക് ക്യാൻസർ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. അതിനാൽ രോഗത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയും പ്രാഥമിക ലക്ഷണങ്ങളോടുള്ള ജാഗ്രതയും കൃത്യസമയത്തുള്ള രോഗനിർണ്ണയവും ഫലപ്രദമായ ചികിത്സയും ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.
പാൻക്രിയാസും ദഹനപ്രക്രിയയും തമ്മിലുള്ള ബന്ധം
ആമാശയത്തിന് തൊട്ടുപിന്നിലായി സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് ദഹനവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനൊപ്പം, നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയെ വിഘടിപ്പിച്ച് ശരീരത്തിന് ആഗിരണം ചെയ്യാൻ പാകത്തിലാക്കുന്ന ദഹനരസങ്ങൾ ഉത്പാദിപ്പിക്കുക എന്നതാണ് പാൻക്രിയാസിന്റെ പ്രധാന ദൗത്യം.
പാൻക്രിയാസിൽ അർബുദമുഴകൾ വളരുമ്പോൾ, പ്രത്യേകിച്ച് ഗ്രന്ഥിയുടെ തലഭാഗത്ത് മുഴകൾ ഉണ്ടാകുമ്പോൾ അത് ദഹനരസങ്ങളെ ചെറുകുടലിലേക്ക് എത്തിക്കുന്ന പാൻക്രിയാറ്റിക് നാളിയെ തടസ്സപ്പെടുത്തുന്നു. ഇതോടെ ദഹനരസങ്ങൾ കുടലിൽ എത്താതാവുകയും ഭക്ഷണം ശരിയായി ദഹിക്കാതെ പോവുകയും ചെയ്യുന്നു. ഇതിനെയാണ് വൈദ്യശാസ്ത്രത്തിൽ എക്സോക്രൈൻ പാൻക്രിയാറ്റിക് ഇൻസഫിഷ്യൻസി (ഇ.പി.ഐ) എന്ന് വിളിക്കുന്നത്.
അവഗണിക്കരുതാത്ത പ്രാഥമിക ലക്ഷണങ്ങൾ
മറ്റു പല കാൻസറുകളെ അപേക്ഷിച്ച് തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ കാണാത്തതിനാൽ പാൻക്രിയാറ്റിക് കാൻസറിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ചുള്ള ജാഗ്രതയും ഓരോരുത്തർക്കും അത്യന്താപേക്ഷിതമാണ്. താഴെ പറയുന്ന മാറ്റങ്ങൾ തുടർച്ചയായി കണ്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്:
അകാരണമായ ഭാരക്കുറവ്: ഡയറ്റിംഗോ വ്യായാമമോ ഇല്ലാതെ, പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാത്തതിനാൽ പേശികളുടെ ബലം കുറയുകയും ആറുമാസത്തിനുള്ളിൽ ശരീരഭാരത്തിന്റെ 5 മുതൽ 10 ശതമാനത്തിലധികം നഷ്ടപ്പെടുകയും ചെയ്യുന്നത് നിർണ്ണായക ലക്ഷണമാണ്.
മഞ്ഞപ്പിത്തം: പാൻക്രിയാസിന്റെ തലഭാഗത്തുള്ള മുഴ പിത്തരസക്കുഴൽ തടസ്സപ്പെടുത്തുമ്പോൾ കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, കടുത്ത നിറത്തിലുള്ള മൂത്രം, ഇളം നിറത്തിലുള്ള മലം, ശരീരത്തിൽ ചൊറിച്ചിൽ എന്നിവയുണ്ടാകാം.
വയറുവേദനയും നടുവേദനയും: ഭക്ഷണം കഴിക്കുമ്പോഴോ കിടക്കുമ്പോഴോ ഇത് കൂടാം.
പ്രമേഹം: അമിതവണ്ണമോ കുടുംബപാരമ്പര്യമോ ഇല്ലാത്ത 50 വയസ്സിന് മുകളിലുള്ളവരിൽ പെട്ടെന്ന് പ്രമേഹം കണ്ടെത്തുന്നത് ചിലപ്പോൾ പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.
പ്രധാന അപകടസാധ്യതകൾ
താഴെ പറയുന്ന ഘടകങ്ങൾ ഉള്ളവർ രോഗസാധ്യതയെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണം:
പുകവലി: പാൻക്രിയാറ്റിക് കാൻസർ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.
പ്രായം: 60 വയസ്സിന് മുകളിലുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
ദീർഘകാല പാൻക്രിയാറ്റൈറ്റിസ്: ആഗ്നേയഗ്രന്ഥിയിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം.
കുടുംബപാരമ്പര്യവും ജനിതക മാറ്റങ്ങളും: കുടുംബത്തിൽ ഒന്നിലധികം പേർക്ക് രോഗമുണ്ടാകുകയോ BRCA1/BRCA2 ജനിതക മാറ്റങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നത് അപകടസാധ്യത കൂട്ടുന്നു.
അമിതവണ്ണവും ജീവിതശൈലിയും: അമിതവണ്ണവും മദ്യത്തിന്റെ അമിത ഉപയോഗവും രോഗസാധ്യത വർദ്ധിപ്പിക്കുന്നു.






