പാമ്പാടി : പാമ്പാടിയിൽ ഇല്ലിവളവ് പത്താഴക്കുഴി ഭാഗത്ത് അസ്വാഭാവികമായ രീതിയിൽ കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി. പ്രദേശത്തെ 3 വീടുകളിലാണ് അവരുടേതല്ലാത്ത, കുട്ടികളുടെ വസ്ത്രം കണ്ടതായി അറിയിച്ചിട്ടുള്ളത്.

ഇതിൽ ഒരു വീട്ടിൽ സ്കൂട്ടറിൽ പട്ടുപാവാട വിരിച്ചിട്ടിരിക്കുന്ന നിലയിൽ ആയിരുന്നു. അടുത്ത വീട്ടിൽ അയയിലും മറ്റൊരു വീട്ടിൽ കസേരയിലും വസ്ത്രം വിരിച്ചിട്ടിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഈ വസ്ത്രങ്ങൾ ഈ വീട്ടുകാരുടെ അല്ലെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെയാണ് ഇത്തരത്തിൽ സംഭവം ഉണ്ടായത്.
സമാനമായി മറ്റുവീടുകളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം അറിയിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. അസ്വാഭാവിക സംഭവമായതിനാൽ തന്നെ ആളുകൾ കരുതിയിരിക്കണമെന്നും നിലവിൽ സംഭവം പോലീസിൽ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചെറിയ കുട്ടികൾ ഉള്ള പ്രദേശത്താണ് ഇത്തരത്തിൽ വസ്ത്രങ്ങൾ വീടുകൾക്ക് മുന്നിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രത്യേക ശ്രെദ്ധ ചെലുത്തി ഇല്ലിവളവ്, പത്താഴക്കുഴി- അങ്ങാടിവയൽ കേന്ദ്രീകരിച്ച് നൈറ്റ് പെട്രോളിങ് നടത്തണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.






