കോട്ടയം: പാലാ നഗരസഭയിലെ 26 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 10.40 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം.
നഗരസഭ ജീവനക്കാരുടെ സേവനങ്ങൾക്ക് പുറമെ ഓടകൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിനും 40,000 രൂപ വീതമാണ് പ്രത്യേകമായി അനുവദിച്ചിരിക്കുന്നത്.
നഗരസഭയുടെ 12-ാം മൈലിലെ കുമാരനാശാൻ പാർക്കിൽ മഹാകവി കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതിന് എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, നിർമ്മാണ ചുമതല ശിൽപിയെ ഏൽപ്പിച്ചുകഴിഞ്ഞതായും ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോൾ കോർട്ട് നവീകരണത്തിന് അഞ്ച് ലക്ഷം രൂപയും, വിവിധ റോഡുകളുടെ നവീകരണത്തിനായി അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതികളും, ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി.) അംഗീകരിച്ച മറ്റ് വികസന പദ്ധതികൾക്കായി അനുവദിച്ച എട്ട് കോടി രൂപയുടെ പ്രവൃത്തികളിലും ഏറെയും ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി അവർ പറഞ്ഞു.
ശേഷിക്കുന്ന പദ്ധതികളുടെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും അറിയിച്ചു.
പദ്ധതി വിനിയോഗത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ പാലാ നഗരസഭയ്ക്ക് കഴിഞ്ഞത് ഭരണസമിതിയുടെ മാത്രം നേട്ടമല്ലെന്നും, നഗരസഭ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനമാണ് ഈ വിജയത്തിന് നിർണായകമായതെന്നും ചെയർപേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു.






