തിരുവനന്തപുരം: വെള്ളല്ലൂരിൽ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അച്ഛനെയും മകനെയും തടഞ്ഞുവച്ച് ക്രൂരമായി മർദിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഒളിവിലുള്ള നാലു പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കിളിമാനൂർ കാനാറയിലെ ഒഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
വടശേരിക്കോണം സ്വദേശിയായ അനിൽകുമാറും മകൻ അച്ചുവുമാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. അനിൽകുമാറിന്റെ മകളുമായുള്ള വിവാഹാലോചന നടക്കാതെ പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രധാന പ്രതി സുധീഷിന്റെ ബന്ധുവീട്ടിലേക്കാണ് അനിൽകുമാറിനെയും പിന്നീട് മകനെയും വിളിച്ചുവരുത്തിയത്. ഇവിടെവച്ച് ഇരുവരെയും ചങ്ങല ഉപയോഗിച്ച് ബന്ധിച്ചശേഷം സംഘം മർദിച്ചതായാണ് പരാതി. രാവിലെ പത്തുമണിയോടെ ആരംഭിച്ച പീഡനം വൈകുന്നേരം വരെ നീണ്ടതായി അനിൽകുമാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പണിപൂർത്തിയാകാത്ത വീടിനുള്ളിൽ അലുമിനിയം ഷീറ്റും കണ്ണാടിയും ഉപയോഗിച്ച് പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ഇരുവരെയും തടഞ്ഞുവച്ച് മർദിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ നാടൻ ബോംബ്, കത്തി, കട്ടിങ് പ്ലയർ, വെടിമരുന്ന്, ഇരുമ്പുവടികൾ, ചങ്ങലകൾ എന്നിവയും കണ്ടെടുത്തിരുന്നു.
ഇതിനിടെ പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് കുറവൻകുഴി-അടയമൺ റോഡിന് സമീപത്തെ പറമ്പിൽ നിന്ന് പോലീസ് കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ സുധീഷിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്കെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പ്രധാന പ്രതി സുധീഷ്, ആരോമൽ, ലാൽകൃഷ്ണ, അരുൺ എന്നിവരെ കണ്ടെത്തുന്നതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇവർക്കായി വിവിധ കേന്ദ്രങ്ങളിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






