പാലാ: നഗരത്തെ ഫ്ലക്സ് വിമുക്തമാക്കാനുള്ള കർശന നടപടികള്‍ക്ക് തുടക്കമിട്ട് പാലാ നഗരസഭ അധികാരികള്‍.
ഇന്നലെ നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന നൂറിലധികം അനധികൃത ഫ്ലക്സുകള്‍ നീക്കം ചെയ്തു.
നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും തൊഴിലാളികളും പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ നടത്തിയ പരിശോധനയിലാണ് പ്രധാന ജംഗ്ഷനുകളിലും റോഡരികുകളിലും സ്ഥാപിച്ചിരുന്ന ഫ്ലക്സുകള്‍ അഴിച്ചുമാറ്റിയത്.
അനുമതിയില്ലാതെ ഫ്ലക്സുകള്‍ സ്ഥാപിച്ചവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി നോട്ടീസുകള്‍ നല്‍കുന്നതായും അധികൃതർ അറിയിച്ചു. ഇന്നലെ മാത്രം 30 ഓളം പേർക്ക് നോട്ടീസ് നല്കി. പരിശോധന വരും ദിവസങ്ങളിലും കൂടുതല്‍ കർശനമാക്കുമെന്നും അധികാരികള്‍ പറയുന്നു.






