പലക്കാട്: പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുന്നതായി പാർട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ തുറന്നുസമ്മതിക്കല്‍.
വിപുലീകൃത കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് പാർട്ടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് അവതരിപ്പിച്ചത്. പാർട്ടി നേതാക്കളില്‍ ചിലർ റിയല്‍ എസ്റ്റേറ്റ് മാഫിയയായി മാറിയെന്ന ഗുരുതരമായ ആരോപണവും ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്.
അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ പാർട്ടി നേതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടില്‍, സംശയനിഴലിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കോങ്ങാട്, തൃത്താല ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കള്‍ക്കിടയിലെ ഈ വിഭാഗീയതയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തില്‍ വിമർശനം ഉന്നയിച്ചു. കൂടാതെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ തുറന്നടിച്ചു.
പാർട്ടിയിലെ തെറ്റുതിരുത്തല്‍ നടപടികളും വിഭാഗീയത അവസാനിപ്പിക്കാനുള്ള നീക്കങ്ങളും പാലക്കാട് സി പി എമ്മില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറക്കുന്നതാണ്.






